എയർ ഇന്ത്യ കാർഗോ ഡിജിറ്റൈസേഷൻ: ഐബിഎസ് സോഫ്റ്റ്വേറിനെ തെരഞ്ഞെടുത്തു
Wednesday, July 3, 2024 12:08 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ആഗോള എയർലൈനായ എയർ ഇന്ത്യയുടെ കാർഗോ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുൻനിര ഏവിയേഷൻ സോഫ്റ്റ്വേർ നിർമാതാക്കളായ ഐബിഎസ് സോഫ്റ്റ്വേറിനെ തെരഞ്ഞെടുത്തു.
എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാൻ ഐബിഎസിന്റെ ഐകാർഗോ സൊലൂഷൻ വിന്യസിക്കും. കാർഗോ ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഇത് എയർ ഇന്ത്യയെ സഹായിക്കും.
പാസഞ്ചർ സർവീസുകൾ, ഫ്ലീറ്റ്, കാർഗോ ഓപ്പറേഷൻസ് തുടങ്ങിയ പ്രധാന ബിസിനസുകളിൽ എയർ ഇന്ത്യ ഡിജിറ്റൽ പരിവർത്തനം ആരംഭിച്ച സമയത്താണ് ഐബിഎസുമായുള്ള ഈ പങ്കാളിത്തം.
എയർ ഇന്ത്യയിലെ ഐബിഎസിന്റെ ആദ്യ എൻഡ് ടു എൻഡ് ഐകാർഗോ സൊലൂഷൻ വിന്യസിക്കൽ ആരംഭിച്ച് ഒന്‍പതു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും.
2030ഓടെ പ്രതിവർഷം പത്തു ദശലക്ഷം ടണ്‍ എയർ കാർഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടർന്നുള്ള ഘട്ടങ്ങളിൽ പ്രവർത്തിക്കുക.