ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം; ആപ്പിളിനെ പിന്തള്ളി എൻവിഡിയ
Friday, June 7, 2024 1:27 AM IST
സാൻ ഫ്രാൻസിസ്കോ: വിപണിമൂല്യത്തിൽ ഐഫോണ്‍ നിർമാതാക്കളായ ആപ്പിളിനെ പിന്തള്ളി ആർട്ടിഫിഷൽ ഇന്റലിജൻസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയ. ലോകത്തെ ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്ത കന്പനികളിൽ രണ്ടാമനെന്ന സ്ഥാനമാണ് എൻവിഡിയയ്ക്കു മുന്നിൽ ആപ്പിളിനു നഷ്ടപ്പെട്ടത്. മൈക്രോസോഫ്റ്റാണു വിപണിമൂല്യത്തിൽ ഒന്നാമതുള്ള കന്പനി.
കന്പനിയുടെ ഓഹരികൾ വിഭജിക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ബുധനാഴ്ച ഓഹരിവിലയിൽ അഞ്ചു ശതമാനത്തിന്റെ കുതിപ്പുണ്ടായതാണ് ആപ്പിളിനെ പിന്തള്ളാൻ എൻവിഡിയയെ സഹായിച്ചത്. നിലവിൽ മൂന്നു ട്രില്യൺ ഡോളറിനു മുകളിലാണ് (ഏകദേശം 250 ലക്ഷം കോടി രൂപ) എൻവിഡിയയുടെ വിപണിമൂല്യം.
ആപ്പിളിന്റേത് 3.003 ലക്ഷം കോടി ഡോളറും ഒന്നാംസ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം 3.15 ലക്ഷം കോടി ഡോളറും വരും.
നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കന്പനികൾ എൻവിഡിയയെ കൂടുതൽ ആശ്രയിച്ചതോടെയാണ് കന്പനിയുടെ നല്ലകാലം തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 3,266 ശതമാനം വളർച്ച കൈവരിച്ച എൻവിഡിയ, 2024ൽ 147 ശതമാനം നേട്ടമുണ്ടാക്കി. മേയ് 22ന് ശേഷമുള്ള വളർച്ച 30 ശതമാനമാണ്.
ബുധനാഴ്ച 1,244.40 ഡോളറിലാണ് എൻവിഡിയ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ വിപണിമൂല്യം രണ്ടു ട്രില്യൺ തൊട്ടശേഷം അതിവേഗത്തിലാണ് കന്പനി മൂന്നു ട്രില്യണിലേക്ക് എത്തിയത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു കംപ്യൂട്ടർ ചിപ്പ് കന്പനി മൂല്യത്തിൽ മൂന്നു ട്രില്യണ്‍ ഡോളർ നേട്ടം കൈവരിക്കുന്നത്. ഐഫോണ്‍ വിപണിയിൽ അവതരിപ്പിച്ചതുമുതൽ ആപ്പിളിനുണ്ടായിരുന്ന ആധിപത്യം എൻവിഡിയയുടെ കുതിപ്പിൽ തകർന്നടിഞ്ഞു.
1993ൽ ആരംഭിച്ച എൻവിഡിയ, കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിലൂടെയാണ് വിപണിയിലേക്കു ചുവടുവയ്ക്കുന്നത്. നിർമിതബുദ്ധി വിപ്ലവത്തിന് മുന്‍പുതന്നെ മെഷീൻ ലേണിംഗിന് ഉതകുന്ന ചിപ്പുകൾ നിർമിക്കാൻ കഴിഞ്ഞത് കന്പനിക്കു നേട്ടമായി.