കായംകുളം എന്‍ടിപിസിയിലേക്ക് ഇനിയും എല്‍എന്‍ജി എത്തിയില്ല
Monday, May 27, 2024 10:30 PM IST
ബിജു കുര്യന്
പത്തനംതിട്ട: കേരളത്തിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കായംകുളം എന്‍ടിപിസി പ്ലാന്റിനെ ഇപ്പോള്‍ സര്‍ക്കാരിനും വേണ്ട. കരാര്‍ പ്രകാരമുള്ള തുക പ്രതിമാസം നല്കുന്നതൊഴിച്ചാല് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സാഹചര്യം ഒരുക്കാന്‍ കെഎസ്ഇബിക്കും താത്പര്യമില്ല. വൈദ്യുതി പ്രതിസന്ധിയില്‍ നാട് നട്ടംതിരിയുമ്പോഴും ഉത്പാദനം നിര്‍ത്തിവച്ച എന്‍ടിപിസിയില്‍ നിന്നും ലാഭകരമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മടി കാട്ടുകയാണ്.
കൊച്ചിയില്‍നിന്ന് 100 കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെ കായംകുളത്ത് എല്‍എന്‍ജി എത്തിച്ചാല്‍ പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തു ലഭ്യമാകും. അടുത്തവര്‍ഷം കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന നിലയത്തിന്റെ തുടര്‍ പ്രവര്‍ത്തനവും ഇതോടെ സാധ്യമാകും.
സംസ്ഥാന സര്‍ക്കാരും എന്‍ടിപിസിയും തമ്മിലുള്ള കരാര്‍ പ്രകാരം കായംകുളത്ത് വൈദ്യുതി ഉത്പാദിപ്പിച്ചില്ലെങ്കിലും സ്ഥിര വില ഇനത്തില്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്.
2019വരെ പ്രതിവര്‍ഷം 240 കോടി രൂപയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നല്‍കിയത്. ഇതിനെതിരേ കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്ഥിരവില പ്രതിവര്‍ഷം 100 കോടി രൂപയായി കുറച്ചു. ലഭ്യമാകാത്ത വൈദ്യുതിക്ക് ഏകദേശം 1400 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ എന്‍ടിപിസിക്കു നല്‍കിയിട്ടുണ്ട്. 2025 ഫെബ്രുവരി വരെ കരാര്‍ നിലനില്‍ക്കുകയുമാണ്.
കായംകുളം താപവൈദ്യുതി നിലയം 1998ലാണ് കമ്മീഷന് ചെയ്തത്. 1189.94 കോടി രൂപയുടെ ലോകബാങ്ക് വായ്പ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2000 ഫെബ്രുവരി മുതല്‍ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.
നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതിയാണ് ഉത്പാദിപ്പിച്ചുവന്നത്. നാഫ്തയുടെ വില ഉയര്‍ന്നതോടെ താപവൈദ്യുതിക്ക് വില കൂട്ടേണ്ടിവന്നു. വില വര്‍ധിച്ചതോടെ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതില്‍ കെഎസ്ബി മടി കാട്ടി. ഇതോടെ നിലയം പ്രതിസന്ധിയിലുമായി.
2016ല്‍ 33 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചതുതന്നെ എല്‍എന്‍ജി ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണ്. എന്നാല്‍ കൊച്ചിയില്‍നിന്നും റോഡ് മാര്‍ഗം വലിയ ടാങ്കറുകളിലൂടെ വാതകം എത്തിക്കാന്‍ ചെലവേറുമെന്നതിനാല്‍ നവീകരിച്ച യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇതേവരെ ആയിട്ടില്ല.
എല്‍എന്‍ജി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 4.15 രൂപയ്ക്ക് നല്‍കാനാകുമെന്നായിരുന്നു കണക്ക്. ഒരു യൂണിറ്റിന് 7.53 രൂപവരെ ചെലവില്‍ പുറമേനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി തയാറെടുക്കുമ്പോഴാണ് കുറഞ്ഞ വിലയില്‍ കായംകുളത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതതന്നെ ഇല്ലാതാകുന്നത്.
പൈപ്പ് ലൈന്‍ വലിച്ച് എല്‍എന്‍ജി എത്തിക്കുന്നതിനു ചെലവാകുമെന്ന് എസ്റ്റിമേറ്റെടുത്ത തുകയേക്കാള്‍ കൂടുതല്‍ എന്‍ടിപിസിക്ക് കരാര്‍ പ്രകാരം കെഎസ്ഇബി ഇതിനോടകം നല്‍കിക്കഴിഞ്ഞു. കൊച്ചിയില്‍നിന്ന് കടല്‍മാര്‍ഗം പൈപ്പ് ലൈന്‍ വലിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.
രാജ്യത്ത് എന്‍ടിപിസിയുടെ മറ്റ് താപനിലയങ്ങളും എല്‍എന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗുജറാത്തിലെ കാവാസ് തെര്‍മല്‍ പവര്‍ പ്ലാന്റിലേക്ക് 500 കിലോമീറ്റര്‍ ദൂരം പൈപ്പ് ലൈനിലൂടെയാണ് എല്‍എന്‍ജി എത്തിച്ചുവരുന്നത്.