വോൾട്ടേജ് അളക്കാം, വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ
Monday, May 27, 2024 10:30 PM IST
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരവും (സിഇടി) ഐഐടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ വോൾട്ടേജ് അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു.
സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റി വോൾട്ട് മീറ്റർ പോലുള്ള ഉപകരണങ്ങൾ നേരിട്ട് ഘടിപ്പിച്ചാണ് വോൾട്ടേജ് അളക്കുന്നത്. പുതിയ ഉപകരണത്തിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും. ഈ കണ്ടുപിടിത്തത്തിനാണ് പേറ്റന്റ് ലഭിച്ചത്.
ഐഒടി ഉപകരണം, സ്മാർട്ട് എനർജി മീറ്റർ, സ്മാർട്ട് ഹോം എന്നിവയുമായി ഈ ഉപകരണം വളരെ കാര്യക്ഷമതയോടെ ഘടിപ്പിക്കാം. വ്യവസായശാലകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പരിപാലനത്തിനും ഫലപ്രദമായി ഉപയോഗിക്കാം. ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലായിരുന്നു ഗവേഷണം.
ഡോ. പി.എസ്. ഷെനിൽ (സിഇടിയിലെ മുൻ അസോസിയേറ്റ് പ്രഫസർ, നിലവിൽ ബാട്ടൺഹിൽ എൻജിനിയറിംഗ് കോളജ് അസോസിയേറ്റ് പ്രഫസർ), ഡോ. ബോബി ജോർജ് (പ്രഫസർ ആന്‍ഡ് ഹെഡ്- മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഐഐടി മദ്രാസ്) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം.