വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
Thursday, May 9, 2024 1:15 AM IST
കൊച്ചി: കേരളത്തിൽനിന്നുള്ള ഊർജ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പും മുൻനിര ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയുമായ ചാർജ്മോഡും ഗോഹട്ടി കേന്ദ്രമാക്കി ആസാമിൽ പ്രവർത്തിക്കുന്ന എ പ്ലസ് ചാർജും തമ്മിൽ സഹകരിക്കും.
രാജ്യത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖല വേഗത്തിൽ വിപുലീകരിക്കാനാണു സഹകരണം.
ഇതിന്റെ ഭാഗമായി മേഖലയിൽ ആയിരത്തിലേറെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആയിരം പുതിയ ചാർജറുകൾകൂടി സ്ഥാപിക്കുന്നതോടെ ഇന്ത്യയിൽ ചാർജ് മോഡിനു കീഴിലുള്ള ചാർജറുകളുടെ എണ്ണം 4200 കടക്കും.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് മുൻനിര കമ്പനികൾ കൈകോർക്കുന്നതോടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ചാർജിംഗ് ശൃംഖല വൻതോതിൽ വികസിക്കുമെന്നാണു പ്രതീക്ഷ. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ ചാർജ്മോഡിന്റെ കരുത്തുറ്റ പരിചയസമ്പത്തും സാങ്കേതികമികവും ആസാമിനും ഗുണം ചെയ്യും.
ഈ മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ നീക്കം സുപ്രധാന പങ്ക് വഹിക്കും. ഇലക്ട്രിക് വാഹനം ഓടിക്കുന്നവർക്കു മാത്രമല്ല, മേഖലയിലെ സുസ്ഥിര ഗതാഗത രംഗമാകെ വികസിക്കുന്നതിനും ഭാവിയിൽ പ്രകൃതിസൗഹൃദപരമായ വളർച്ച കൈവരിക്കുന്നതിനും ഈ നീക്കം സഹായകമാകും.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് മേഖലയിലെ മുൻനിര കമ്പനിയാണ് എ പ്ലസ്. കേരളത്തിൽ ചാർജ്മോഡ് സാധ്യമാക്കിയ നേട്ടങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ആവർത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചാർജ്മോഡ് സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു.
2019ലാണ് ചാര്‍ജ്മോഡ് സ്ഥാപിതമാകുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വളര്‍ന്നുവന്ന സംരംഭമായ ചാര്‍ജ്മോഡിന് നിലവില്‍ ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി 2300ലേറെ ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്.