പച്ചക്കൊടിയുയർത്തി സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 6, 2024 1:15 AM IST
ഓഹരി വിപണിക്ക് അനുകൂലമായ നീക്കം വിവിധ കേന്ദ്രബാങ്കുകളിൽനിന്നും പുറത്തുവന്നത് സൂചികയുടെ മുന്നേറ്റത്തിനു പച്ചക്കൊടി ഉയർത്തി. യുഎസ്‐യൂറോപ്യൻ മാർക്കറ്റുകൾ മികവിലായിരുന്നു. ഏഷ്യയിൽ സെൻസെക്സും ഹാൻസെങ് സൂചികയും ഒഴികെ മറ്റ് മുൻനിര ഇൻഡക്സുകൾക്ക് തളർച്ച. ബോംബെ സെൻസെക്സ് 148 പോയിന്റും നിഫ്റ്റി 56 പോയിന്റും നേട്ടത്തിൽ. തുടർച്ചയായ രണ്ടാം വാരമാണ് ഇന്ത്യൻ മാർക്കറ്റ് മുന്നേറുന്നത്.
ഉഷ്ണതരംഗം രാജ്യത്തെ നിർമാണ മേഖലയ്ക്കു വൻ തിരിച്ചടിയായി മാറാൻ ഇടയുണ്ട്. ചൂട് അതിതീവ്രതയിലേക്കു നീങ്ങുന്നതിനാൽ ഉത്പാദന രംഗത്ത് 15 ശതമാനംവരെ തൊഴിലാളികളുടെ കുറവ് ഈ മാസം സംഭവിക്കാം. എൻജിനിയറിംഗ് മേഖലയെയാവും ഇതു കാര്യമായി ബാധിക്കുക. ഉരുക്ക്, പ്ലാസ്റ്റിക്ക് ഉത്പാദകർക്കും കാലാവസ്ഥാ മാറ്റം തിരിച്ചടിയാവും. ഈ മാസത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കുറവിനു സാധ്യത.
മികവോടെ ഓഹരി വിപണി
നിഫ്റ്റി മികച്ച പ്രകടനം കാഴ്ചവച്ച് സർവകാല റിക്കാർഡിലേക്കു പ്രവേശിച്ചു. മുൻവാരത്തിലെ 22,419ൽനിന്നും പടിപടിയായി മുന്നേറി എക്കാലത്തെയും ഉയർന്ന നിലവാരമായ 22,794.70 പോയിന്റുവരെ സൂചിക ചുവടുവച്ചു. റിക്കാർഡ് പ്രകടനം കണ്ട് ഫണ്ടുകളും ഊഹക്കച്ചവടക്കാരും ലാഭമെടുപ്പിനു കാണിച്ച തിടുക്കം വാരാവസാനം നിഫ്റ്റിയെ 22,365ലേക്ക് തളർത്തിയെങ്കിലും ക്ലോസിംഗിൽ 22,475 പോയിന്റിലാണ്.
വീണ്ടും വിൽപ്പന സമ്മർദ സാധ്യത കണക്കിലെടുത്താൽ സൂചികയ്ക്ക് 22,295ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. വിൽപ്പന തരംഗം ഉടലെടുത്താൽ 22,115 വരെ തിരുത്തൽ സാധ്യത. താഴ്ന്ന റേഞ്ചിൽ ബയിംഗിന് വിദേശ ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ 22,725 ലേക്കും തുടർന്ന് 22,975ലേക്കും സൂചിക കരുത്ത് കാണിക്കാം. മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക് എസ്എആർ ബുള്ളിഷും സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലുമാണ്. മറ്റ് ഇൻഡിക്കേറ്റുകൾ പലതും ന്യൂട്രൽ റേഞ്ചിലാണ്.
നിഫ്റ്റി മേയ് ഫ്യൂച്വൽ 22,556ൽനിന്നും മുൻവാരം സൂചിപ്പിച്ച 22,220 റേഞ്ചിലെ സപ്പോർട്ടിലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷം തിരിച്ചുവരവിൽ 22,790ലെ പ്രതിരോധം തകർത്ത് 22,888 വരെ കയറി, ക്ലോസിംഗിൽ 22,551ലാണ്. ഈ വാരം 22,780 റേഞ്ചിലേക്കുയർന്നാൽ 22,890ൽ സ്റ്റോപ്പ് ലോസിൽ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് നീക്കം നടക്കാം, വിൽപ്പന സമ്മർദം ഉടലെടുത്താൽ 22,420-22,226 റേഞ്ചിലേക്കു തിരുത്തലിനിടയുണ്ട്.
സെൻസെക്സ് 73,730ൽനിന്ന് 75,101ലേക്ക് ഉയർന്നതിനിടെ വിൽപ്പന തരംഗത്തിൽ 73,512ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 73,878 പോയിന്റിലാണ്. ഈ വാരം 73,218ലെ ആദ്യ താങ്ങ് നിലനിർത്തി 74,830ലേക്ക് മുന്നേറാം.
രൂപയ്ക്കു തിരിച്ചടി
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു തിരിച്ചടി. 83.32ൽനിന്നും 83.52ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ രൂപ 83.40ലാണ്. ഈവാരം 83.30-83.10ലേക്കും തുടർന്ന് 83ലേക്കും ശക്തി പ്രാപിക്കാം. വിദേശ നിക്ഷേപകർ രംഗം വിട്ടാൽ രൂപ 83.59ലേക്ക് ദുർബലമാകാം. വിദേശ ഫണ്ടുകൾ മുൻ വാരം 3,356.45 കോടി രൂപയുടെ വിൽപ്പനയും 1,241.83 കോടിയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ മൊത്തം 4164.57 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രാജ്യാന്തര സ്വർണവിപണിയിൽ വിൽപ്പന സമ്മർദം ഉടലെടുത്തു. മുൻവാരം വ്യക്തമാക്കിയ 2,355 ഡോളറിലെ പ്രതിരോധത്തിലേക്ക് അടുക്കാനാവാത്ത വിധം വിൽപ്പന സമ്മർദത്തിൽ ട്രോയ് ഔൺസിന് 2,276 ഡോളറിലെ താങ്ങിൽ പരീക്ഷണം നടത്തി. വ്യാപാരാന്ത്യം 2,301 ഡോളറിൽ നിലകൊള്ളുന്ന മഞ്ഞലോഹത്തിന് 2,248 ഡോളറിൽ താങ്ങുണ്ട്.