ആവേശം കൊക്കോയ്ക്ക് ; രോമാഞ്ചം ഹൈറേഞ്ചിന്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, April 29, 2024 12:39 AM IST
ചരിത്രനേട്ടം സ്വന്തമാക്കിയ കൊക്കോ ഹൈറേഞ്ചിനെ രോമാഞ്ചം കൊള്ളിച്ചു. കരടിവലയത്തിൽനിന്ന് ഒസാക്ക എക്സ്ചേഞ്ചിൽ റബർ പുൾബാക്ക് റാലിക്ക് ഒരുങ്ങി. വിയറ്റ്നാമിൽ കുരുമുളക് ഏഴു വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. ലഭ്യത കുറഞ്ഞതു കുരുമുളകിനെ കൂടുതൽ ശക്തമാക്കും. ഏലത്തിൽ അനുകൂല തരംഗം ഉടലെടുത്തു.
ആവേശമുനയിൽ
പഴയ തലമുറയെയും ന്യൂജൻ കൊക്കോ കർഷകരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തി ഉത്പന്നം ചരിത്രനേട്ടം സ്വന്തമാക്കി. നാളിതു വരെ സ്വപ്നങ്ങളിൽ മാത്രമായിരുന്ന നാലക്കത്തിലേക്കു കൊക്കോ ചുവടുവച്ചതു കർഷകർക്കു കൃഷിയിലെ വിശ്വാസം ഇരട്ടിപ്പിച്ചു. പഴയ തലമുറ നാലു ദശാബ്ദം മുന്പ് കിലോ രണ്ടു രൂപയ്ക്കും നാലു രൂപയ്ക്കും വില്പന നടത്തിയ കൊക്കോയാണു പിന്നിട്ടവാരം നാലക്കത്തിലേക്കു പ്രവേശിച്ചത്. മുരിക്കാശേരി വിപണിയിൽ കിലോ 1020 രൂപ വരെ ഉയർന്നു.
രാജ്യാന്തര മാർക്കറ്റിലും കൊക്കോ മികവിലാണ്. സർവകാല റിക്കാർഡ് നിരക്കായ 12,261 ഡോളറിൽനിന്ന് 10,221ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 10,729 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 10,480ലെ താങ്ങ് നിലനിൽക്കുവോളം കൊക്കോ കരുത്ത് നിലനിർത്തും. ഇതിനിടയിൽ ഡോളർ ശക്തി പ്രാപിച്ചത് ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ എൽ നിനോ പ്രതിഭാസത്തെത്തുടർന്ന്, വാരാന്ത്യം കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായത് കൊക്കോ കൃഷിയെ ഏതു വിധത്തിൽ ബാധിച്ചു എന്നതു സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറംലോകമറിഞ്ഞിട്ടില്ല. ഉൗഹക്കച്ചവടക്കാരെ സംബന്ധിച്ച് വീണ്ടും ഒരു ബുൾ റാലി കൊക്കോയിൽ സൃഷ്ടിക്കാൻ ഇതു ധാരാളമാണ്.
റബർ തിരിച്ചുവരും
ഒസാക്ക എക്സ്ചേഞ്ചിൽ റബർ കരടി വലയത്തിൽനിന്നു താത്കാലിക മോചനത്തിന് ഒരുങ്ങുന്നു. വിപണി തിരിച്ചുവരവിനായി അണിയറനീക്കം തുടങ്ങുമെന്നു മുൻവാരം സൂചന നൽകിയതാണ്. നാലാഴ്ചകളിൽ റബറിനെ ഉഴുതുമറിച്ച ഉൗഹക്കച്ചവടക്കാരെ തുരത്താൻ നിക്ഷേപകർ ചുവടുവയ്പ് തുടങ്ങി.

മേയ് റബർ അവധി കിലോ 366 യെന്നിൽനിന്നുള്ള സാങ്കേതിക തിരുത്തലിലാണ്. 304 യെന്നിലേക്ക് വിപണി തിരുത്തലിനു ശ്രമം നടത്തുമെന്ന് ഏപ്രിൽ ആദ്യവാരം ഇതേ കോളത്തിൽ വായനക്കാർക്കു സൂചന നൽകിയിരുന്നു. ആ വിലയിരുത്തൽ ശരിവച്ച് വാരാന്ത്യം റബർ കിലോ 304 യെന്നിലേക്ക് ഇടിഞ്ഞശേഷം 311 യെന്നിലാണ്. നിലവിൽ 319 യെന്നിലെ ആദ്യ പ്രതിരോധം തകർക്കാൻ ബുൾ ഇടപാടുകാർക്ക് അവസരം ലഭിച്ചാൽ 336 യെൻ വരെ മുന്നേറാം.
ഇതിനിടെ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് രംഗത്തുനിന്നുള്ള പുതിയ വിശേഷം മേയ് മധ്യത്തിൽ ആഗോള വിപണിയെ സ്വാധീനിക്കും.
കേരളത്തിൽ ഷീറ്റ് ക്ഷാമം നിലനിന്നിട്ടും ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില 17,900ൽനിന്നും ഉയർത്താൻ തയാറായില്ല. അഞ്ചാം ഗ്രേഡ് 17,600 രൂപയിലും ഒട്ടുപാൽ 11,000ലും ലാറ്റക്സ് 11,700 രൂപയിലും ക്ലോസിംഗ് നടന്നു.
മുളകിറങ്ങുന്നില്ല!
വിയറ്റ്നാമിലെ കാർഷികമേഖലയിൽനിന്നു കുരുമുളകിന്റെ നീക്കം കുറഞ്ഞതു വിലയുയർത്താൻ കയറ്റുമതിക്കാരെ നിർബന്ധിതരാക്കി. വാരാന്ത്യം 2018നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിൽ അവിടെ മുളകുവ്യാപാരം നടന്നു. ഏഴു വർഷത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേക്കു മുളക് മുന്നേറിയതുകണ്ടു കർഷകരും മധ്യവർത്തികളും ഉയർന്ന വിലയ്ക്കായി ചരക്ക് പിടിച്ചു.

ഇതേ സ്ഥിതി തന്നെയാണു കേരളത്തിലും. കർഷകർ മുളകിറക്കുന്നതു കുറച്ചതു കനത്ത തിരിച്ചടിയായി മാറിയെന്ന് അന്തർസംസ്ഥാന വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യൻ ലോബിയുമായി ചേർന്ന് മാസാവസാനം വരെ വിലയിടിക്കാമെന്ന വ്യവസ്ഥയിലായിരുന്നു ചില ഇടപാടുകാർ മാസാരംഭം മുതൽ വിപണിയെ സമീപിച്ചത്.
എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ തകിടം മറിഞ്ഞതോടെ സ്റ്റോക്കുള്ള മുളകിന് ഉയർന്ന വില ഉറപ്പുവരുത്താനുള്ള അണിയറനീക്കത്തിലാണിപ്പോൾ. ഇതു വിപണിക്കു നേട്ടമാകുമെന്നാണ് വ്യാപാരമേഖലയുടെ വിലയിരുത്തൽ.
മുന്നിലുള്ള രണ്ടു മാസം കർഷകരും മധ്യവർത്തികളും ചരക്കുനീക്കത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ലഭ്യത ചുരുങ്ങിയാൽ ഓഗസ്റ്റിലെ ഉത്സവവേളയിൽ വിപണി അക്ഷരാർത്ഥത്തിൽ ചൂടുപിടിക്കും. കൊച്ചിയിൽ അണ്ഗാർബിൾഡ് 55,400 രൂപയിൽനിന്ന് 56,600 രൂപയായി.
ഏലക്കുതിപ്പ്
ഏലം കൂടുതൽ മികവിലേക്കു കുതിക്കുന്നു. ഓഫ് സീസണായതിനാൽ കർഷകർ ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം വാങ്ങലുകാരെ നിരക്കുയർത്താൻ പ്രേരിപ്പിച്ചു. ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ സജീവമാണ്. വേനൽ ശക്തമായതിനാൽ തോട്ടങ്ങൾ പലതും കരിഞ്ഞുണങ്ങിയത് അടുത്ത സീസണിലെ വിളവിനെ ബാധിക്കുമെന്നു മനസിലാക്കി വാങ്ങലുകാർ നിരക്കുയർത്തി. ശരാശരി ഇനങ്ങൾ ഈ വർഷത്തെ മികച്ച വിലയായ 2000 രൂപ വരെ കയറി, മികച്ചയിനങ്ങൾ 3002 രൂപയിലും കൈമാറ്റം നടന്നു.

നാളികേര വിപണിയിൽ ഉണർവ്. മില്ലുകാർ സംഘടിതമായി വെളിച്ചെണ്ണ വിലയുയർത്തി. കൊച്ചിയിൽ നിരക്ക് 15,500ലേക്കു കയറി. കൊപ്ര 10,250 രൂപയിലെത്തി. ആഭരണവിപണികളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായി. പവൻ 54,440 രൂപയിൽനിന്ന് 52,920 വരെ താഴ്ന്നശേഷമുള്ള തിരിച്ചു വരവിൽ ശനിയാഴ്ച 53,480 രൂപയിലാണ്. ഗ്രാമിന് വില 6685 രൂപ.