കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
Tuesday, April 23, 2024 12:45 AM IST
തൃശൂര്‍: കൊക്കോക്കായയുടെ തോടുപൊട്ടിച്ച് കുരു വേര്‍തിരിക്കുന്ന യന്ത്രത്തിനു പേറ്റന്റ് നേടി കേരള കാര്‍ഷിക സര്‍വകലാശാല. കൊക്കോ തോടു പൊട്ടിച്ച് കുരു എടുക്കുക എന്നതാണു കൊക്കോ സംസ്കരണത്തിലെ പ്രാരംഭഘട്ടം.
സാധാരണയായി വെട്ടുകത്തിയോ തടിക്കഷണമോ ഉപയോഗിച്ചു കായ്കള്‍ക്കു ക്ഷതമേല്പിച്ചാണ് കുരു വേര്‍തിരിക്കുന്നത്. ഇതുമൂലം കൊക്കോ കുരുവിനു കേടുപാട് ഉണ്ടാവുകയോ പൂപ്പല്‍ ബാധിക്കുകയോ ചെയ്യുന്നു.
ഈ രീതി ഏറെ കായികാധ്വാനവും സമയവും വേണ്ടതും കൊക്കോ കര്‍ഷകര്‍ ഏറെ പ്രയാസം അനുഭവിക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിനൊരു പരിഹാരമായി തവനൂര്‍ കാര്‍ഷിക എന്‍ജിനിയറിംഗ് കോളജിലെ പ്രോസസിംഗ് ആന്‍ഡ് ഫുഡ് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സംയോജിത കാര്‍ഷികഗവേഷണ കൗണ്‍സില്‍ സ്കീമിലാണ് കൊക്കോ തോട് പൊട്ടിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചെടുത്തത്.
കോളജിലെ അധ്യാപകരായ ഡോ. ജി.കെ. രാജേഷ്, വി. ശ്രീകാന്ത്, ശാന്തി മരിയ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യന്ത്രം വികസിപ്പിച്ചെടുത്തിട്ടുള്ളത്.
യന്ത്രം ഉപയോഗിച്ച് 10 മിനിറ്റുകൊണ്ട് 100 കിലോഗ്രാംവരെ കൊക്കോക്കായയുടെ പുറംതോടു പൊട്ടിച്ച് കുരു വേര്‍തിരിക്കാന്‍ സാധിക്കും. മെഷീന്റെ വില ഏകദേശം 30,000 രൂപയാണ്.