നിക്ഷേപത്തുക തിരികെ നല്‍കാത്ത സംഘങ്ങൾക്കെതിരേ നടപടിയെന്ത്? ഹൈക്കോടതി
Friday, April 5, 2024 1:45 AM IST
കൊച്ചി: സ്ഥിരനിക്ഷേപം നടത്തിയവരുടെ തുക തിരികെ നല്‍കാത്ത സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെന്തെന്ന് ഹൈക്കോടതി. നിക്ഷേപത്തുക തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ കോടതിയുടെ പരിഗണനയിൽ എത്തുന്ന സാഹചര്യത്തിലാണ് കോടതിയുടെ ചോദ്യം.
സഹകരണ മേഖലയില്‍ വിശ്വാസമര്‍പ്പിച്ചു പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഇത് എല്ലാ സഹകരണ വായ്പാ സമ്പ്രദായങ്ങളെയും ദോഷകരമായി ബാധിക്കും. നിക്ഷേപത്തുകയുടെ കാലാവധി കഴിഞ്ഞാല്‍ പോലും തിരിച്ചുകിട്ടാനിടയില്ലെന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കുന്നത്. പണം ലഭിക്കാന്‍ നിയമനടപടി സ്വീകരിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണകരമല്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
കോട്ടയം പാലാ കിഴതടിയൂര്‍ സഹകരണ സംഘത്തിലെ നിക്ഷേപം തിരികെ ലഭിക്കാതിരുന്നതിനെതിരേയുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വായ്പയെടുത്ത് കുടിശികയായവരില്നിന്ന് റിക്കവറി നടപടികളിലൂടെ കൃത്യമായി പണം തിരികെപ്പിടിച്ചു നല്‍കാത്തതുകൊണ്ടാണ് തങ്ങള്‍ക്ക് നിക്ഷേപത്തുക തിരികെ നല്കാനാകാത്തതെന്നായിരുന്നു ബാങ്കിന്റെ വാദം.
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം പണം ലഭിക്കാതെ വന്നാല്‍ ബന്ധപ്പെട്ട ആര്‍ബിട്രേറ്ററെ സമീപിക്കുകയെന്നതാണു പരിഹാരം. കിട്ടാനുള്ള പണം സംബന്ധിച്ച നടപടികള്‍ ആര്ബിട്രേഷന് നടപടികളില്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്.
അതിനാല്‍ നല്‍കാനാകുന്നില്ലെന്ന് ബാങ്ക് അറിയിച്ചു. തുടര്‍ന്നാണ് സാധാരണഗതിയില്‍ ഇത്തരം നിക്ഷേപങ്ങള്‍ നിക്ഷേപകന് തിരികെ ആവശ്യപ്പെട്ടാല്‍ എന്താണു ചെയ്യാറുള്ളതെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞത്.