പൊതുചെലവ് ഉയർത്താനായി: ധനമന്ത്രി
Monday, April 1, 2024 1:11 AM IST
തിരുവനന്തപുരം: 2023-24 സാന്പത്തിക വർഷത്തിൽ എല്ലാ മേഖലയിലും മതിയായ ചെലവഴിക്കൽ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ സാന്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിവസമായ ശനിയാഴ്ച രാത്രി വരെ കണക്കുകൾ പ്രകാരം മാർച്ച് മാസത്തിൽ മാത്രം 26,000 കോടി രൂപയാണ് ട്രഷറിയിൽനിന്നും വിതരണം ചെയ്തത്.
മുൻവർഷം മാർച്ചിലെ ചെലവ് 22,000 കോടി രൂപയായിരുന്നു. എല്ലാ മേഖലയ്ക്കും അവശ്യം പണം ലഭ്യമാക്കി. സംസ്ഥാനത്തിന് അർഹതപ്പെട്ടതും കേന്ദ്ര സർക്കാർ നിഷേധിച്ചതുമായ വായ്പ അനുവദിക്കുന്നതിനായി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. എങ്കിൽ വിവിധ മേഖലകൾക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ കഴിയും.
ന്യായമായ ഒരു ചെലവിലും വെട്ടിക്കുറവുണ്ടായിട്ടില്ല. സാമൂഹ്യസുരക്ഷ, ക്ഷേമ മേഖലകളിലെ നിക്ഷേപം ഉയർത്തിയിട്ടുണ്ടെന്നും ധനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
നികുതി, നികുതിയിതര വരുമാനങ്ങളിൽ ഉണ്ടായ മികച്ച മുന്നേറ്റമാണ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും നല്ല നിലയിൽ മുന്നോട്ടുപോകാൻ കേരളത്തിന് കരുത്തായത്. 2022-23 സാന്പത്തിക വർഷം തനത് വരുമാനത്തിൽ റിക്കാർഡ് വർധനയാണുണ്ടായത്. ഫെബ്രുവരി വരെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധനയുണ്ട്. നികുതിയേതര വരുമാനത്തിലും 4274 കോടി രൂപ അധികമായി സമാഹരിച്ചു.
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഗ്രാന്റുകളിൽ 15,951 കോടി രൂപയുടെ കുറവുണ്ടായതായി കണക്കുകൾ പറയുന്നു. 2022-23ൽ ഫെബ്രുവരി വരെ ഗ്രാന്റുകളായി ലഭിച്ചത് 24,639 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ചത് 8688 കോടിയും. കേന്ദ്ര ഗ്രാന്റുകളിലും ഇത്രയും വലിയ തുകയുടെ കുറവുണ്ടാകുന്നത് സംസ്ഥാനത്തിന്റെ ധനകാര്യങ്ങളെ സാരമായി ബാധിക്കും. വികസന, ക്ഷേമ ചെലവുകൾ കുറച്ചാൽ ഒരു ധനപ്രതിസന്ധിയുമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകും.
പല സംസ്ഥാനങ്ങളും പിന്തുടരുന്ന ഈ രീതി സ്വീകാര്യമല്ലെന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുള്ളത്. അർഹതപ്പെട്ട സാന്പത്തികാധികാരങ്ങൾക്കായി ഭരണപരമായും രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടത്തിലാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു.