ഫ്ലൈ 91ന് ഡിജിസിഎ സർട്ടിഫിക്കറ്റ്
Wednesday, March 6, 2024 10:52 PM IST
ന്യൂഡൽഹി: പുതിയ വിമാനക്കന്പനിയായ ഫ്ലൈ 91ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് (എഒസി) അനുവദിച്ചു. ചില പ്രത്യേക വാണിജ്യയാത്രാ ആവശ്യങ്ങൾക്കായി ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
കിംഗ് ഫിഷർ എയർലൈൻസ് സീനിയർ എക്സിക്യൂട്ടീവായിരുന്ന മനോജ് ചാക്കോയുടെ കീഴിലുള്ള ജസ്റ്റ് ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് ഫ്ലൈ 91ന്റെ മാതൃകന്പനി. ജസ്റ്റ് ഉഡോ ഏവിയേഷന് ഫ്ളൈ 91 എന്നപേരിൽ വിമാന സർവീസ് ആരംഭിക്കാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു.
ഈ മാസം രണ്ടിന് ഫ്ലൈ 91ന്റെ ആദ്യ സർവീസ് ഗോവയിലെ മോപയിലുള്ള മനോഹർ ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് ബംഗളൂരുവിലേക്ക് പറന്നു. ഐസി എന്ന കോഡിലാണ് ഫ്ലൈ 91ന്റെ സർവീസ്.
1953 മുതൽ 2011 വരെ സർവീസ് നടത്തുകയും പിന്നീട് എയർ ഇന്ത്യയോടു കൂട്ടിച്ചേർക്കപ്പെടുകയും ചെയ്ത ഇന്ത്യൻ എയർലൈൻസ് ഉപയോഗിച്ചിരുന്ന കോഡാണിത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ടിയർ2, ടിയർ3 സർവീസുകളാണ് ഫ്ലൈ 91 ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിക്കു കീഴിൽ ഫ്ലൈ 91ന് റൂട്ടുകൾ അനുവദിച്ചുകഴിഞ്ഞു. ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഉൾപ്പെടെ ഫ്ലൈ 91 സർവീസ് നടത്തും.