ജിഎസ്ടി കോമ്പോസിഷൻ സ്കീം: 31നു മുമ്പ് ഓപ്ഷന് ഫയല് ചെയ്യണം
Wednesday, March 6, 2024 10:52 PM IST
തിരുവനന്തപുരം: ജിഎസ്ടി നിയമ പ്രകാരം അടുത്ത സാമ്പത്തികവർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്കീം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ, പ്രസ്തുത സ്കീം തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ, 2024 മാർച്ച് 31നോ അതിന് മുൻപോ ഫയൽ ചെയ്യണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.
നിലവിൽ കോമ്പോസിഷൻ സ്കീം പ്രകാരം കച്ചവടം ചെയ്യുന്നവർ പുതുതായി ഓപ്ഷൻ നൽകേണ്ടതില്ല. ജിഎസ്ടി റൂൾ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ തുടർ സീരീസിലുള്ള ടാക്സ് ഇൻവോയ്സുകളാണ് ഉപയോഗിക്കേണ്ടത്.
2017-2018 മുതൽ 2022-2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ, ഒരു പാനിൽ രാജ്യമാകമാനമുള്ള ജിഎസ്ടി രജിസ്ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റുവരവ് അഞ്ചു കോടി കടന്നിട്ടുള്ള നികുതിദായകർ നിബന്ധനകൾക്കനുസൃതമായി ഏപ്രിൽ ഒന്നു മുതൽ എല്ലാ ബിസിനസ്-ടു-ബിസിനസ് ഇടപാടുകളിൽ നിർബന്ധമായും ഇ-ഇൻവോയ്സിംഗ് ചെയ്യണം. ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്സിംഗ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.
ജിഎസ്ടിആർ-1/3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്കീമായ ക്യുആർഎംപി, 2024-2025 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ പ്രയോജനപ്പെടുത്താനുള്ള ഓപ്ഷൻ ഈ വര്ഷം ഏപ്രിൽ 30 വരെ ജിഎസ്ടി പോർട്ടലിൽ ഫയൽ ചെയ്യാം. പാൻ അടിസ്ഥാനമാക്കിയുള്ള 2023-24 സാമ്പത്തിക വർഷത്തെ മൊത്ത വിറ്റുവരവ് അഞ്ചു കോടിയിൽ കവിയാത്തവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.