ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടി; 12.5 ശതമാനം വര്‍ധന
Friday, March 1, 2024 11:31 PM IST
ന്യൂഡൽഹി: ജിഎസ്ടി (ചരക്കുസേവന നികുതി) വരുമാനത്തിൽ വൻ വർധന. ഫെബ്രുവരിയിൽ 1.68 ലക്ഷം കോടിയാണു ജിഎസ്ടി ഇനത്തിൽ സർക്കാരിനു പിരിഞ്ഞുകിട്ടിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 12.5 ശതമാനം കൂടുതലാണിത്. ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള നികുതിയിൽ 13.9 ശതമാനവും ചരക്കുകളുടെ ഇറക്കുമതിയിൽനിന്ന് 8.5 ശതമാനവും വർധനയുണ്ടായി.
നടപ്പു സാന്പത്തികവർഷത്തിൽ ഇതുവരെ 18.4 ലക്ഷം കോടി രൂപയാണു കേന്ദ്രത്തിന്റെ ജിഎസ്ടി പിരിവ്.
മുൻ സാന്പത്തിക വർഷത്തിലെ സമാന കാലയളവിലെ പിരിവുമായി താരതമ്യം ചെയ്താൽ 11.7 ശതമാനത്തിന്റെ വർധന. 1.67 ലക്ഷം കോടിയാണ് 2023-24 സാന്പത്തിക വർഷത്തിലെ ശരാശരി മാസ പിരിവ്. മുൻ വർഷം ഇത് വെറും 1.5 ലക്ഷം കോടിയായിരുന്നു.
സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) യിൽനിന്നു ലഭിച്ച 84,098 കോടിയിൽ 41,856 കോടി കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) യിലേക്കും 35,953 കോടി സംസ്ഥാന ചരക്ക് സേവന നികുതി (എസ്ടിജഎസ്ടി) യിലേക്കും കേന്ദ്രം വകയിരുത്തി. ഇതോടെ സിജിഎസ്ടിയിലെ ആകെ വരുമാനം 73,641 കോടിയും എസ്ജിഎസ്ടിയിൽ 75,569 കോടിയുമായി.
ജിഎസ്ടി പിരിവ്
സിജിഎസ്ടി: 31,785 കോടി
എസ്ജിഎസ്ടി: 39,615 കോടി
ഐജിഎസ്ടി: 84,098 കോടി
സെസ്: 12,839 കോടി