കൊക്കോയ്ക്കു നല്ലകാലം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, February 5, 2024 1:02 AM IST
കൊക്കോയുടെ പൊന്നുംവിലയാണ് വിപണിയിലെ സന്തോഷം. ആഗോളവിപണിക്കൊപ്പം കേരളവും മുന്നേറുകയാണ്. റബർ അവധി വ്യാപാരത്തിലെ ലാഭമെടുപ്പ് തിരുത്തലിന് അവസരമൊരുക്കി. ബാങ്കോക്കിൽ ഷീറ്റ് വില കുതിച്ചു. കുരുമുളക് സീസണ് ആരംഭത്തിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ കർഷകരെ മുൾമുനയിലാക്കി. വിദേശ ഭക്ഷ്യയെണ്ണവരവ് ചുരുങ്ങുമെന്ന വിവരം വെളിച്ചെണ്ണയ്ക്കു താങ്ങായി. സ്വർണവിലയിൽ മുന്നേറ്റം ദൃശ്യമാണ്.
രാജ്യാന്തര വിപണിയിൽ കൊക്കോ ക്ഷാമം രൂക്ഷമായതോടെ വില പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുകയാണ്. ചോക്കലേറ്റ് വ്യവസായികളിൽനിന്നുള്ള ശക്തമായ ഡിമാൻഡ് കാരണം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ആഗോള വിപണിയിൽ കൊക്കോയുടെ കൈമാറ്റം നടന്നത്. ജനുവരി ആദ്യം ലണ്ടൻ എക്സ്ചേഞ്ചിൽ 4,034 ഡോളറിൽ ഇടപാടുകൾ നടന്ന കൊക്കോ ഇതിനകം സർവകാല റിക്കാർഡായ 5,032 ഡോളറിലെത്തി. മാർച്ച് അവധിവില 5,100 ഡോളർ മറികടക്കാനുള്ള ശ്രമത്തിലാണ്.
തുണച്ചത് ആഫ്രിക്ക
വിവിധ രാജ്യങ്ങളിൽ വിളവ് മോശമെന്ന വിവരം കൊക്കോയുടെ കുതിച്ചുചാട്ടത്തിനു വേഗം പകർന്നു. വരുന്ന ഏതാനും മാസങ്ങൾ ചരക്കുക്ഷാമം തുടരുമെന്നതിനാൽ വ്യവസായികൾക്കു വില ഉയർത്തുകയല്ലാതെ മറ്റു വഴികളില്ല. ഐവറികോസ്റ്റിൽ കൊക്കോയിൽ ബ്ലാക്ക് പോഡ് രോഗം വ്യാപകമാണ്. ഒക്ടോബർ മുതൽ അവരുടെ കയറ്റുമതി താറുമാറായി. നാലു മാസത്തിൽ കയറ്റുമതി 2023നെ അപേക്ഷിച്ച് ഏകദേശം 39 ശതമാനം ഇടിഞ്ഞു. ആഫ്രിക്കയിലെ ഘാനയിലും വിളവ് 24 ശതമാനം കുറഞ്ഞു. ലോക വിപണിയിൽ ചോക്കലേറ്റ് ഡിമാൻഡ് കണക്കിലെടുത്താൽ വിലക്കയറ്റം തുടരാനാണു സാധ്യത.
കേരളത്തിലെ കൊക്കോ കർഷകർ ചരിത്രത്തിലെ ഏറ്റവും മികച്ച വിലയിലാണ് ഉത്പന്നം വിൽപ്പന നടത്തുന്നത്. പിന്നിട്ട രണ്ടു വർഷങ്ങളിൽ കിലോ 200-240 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോ ഇതിനകം 350-355ലേക്ക് ഉയർന്നു. പച്ച കൊക്കോയ്ക്ക് 130-140 രൂപയായി വില കയറി.
റബർവില ഉയരും
രാജ്യാന്തര തലത്തിൽ ടയർ ഭീമന്മാർ റബറിനായി പരക്കം പായുന്നതിനിടെ, വില ഉയർത്താതെ എങ്ങനെ ചരക്ക് കൈക്കലാക്കമെന്ന ചിന്തയിലാണ് ഇന്ത്യൻ വ്യവസായികൾ. മുഖ്യ കയറ്റുമതി രാജ്യമായ തായ്ലൻഡിൽ ഷീറ്റിന് ആവശ്യം വർധിച്ചതോടെ ബാങ്കോക്കിൽ വില 18,200 രൂപയിലേക്കു മുന്നേറി. ലഭ്യതക്കുറവും ആവശ്യക്കാരുടെ മത്സരിച്ചുള്ള സംഭരണവും കണക്കിലെടുത്താൽ വില വീണ്ടും 10 ശതമാനമുയരാം.
ജാപ്പനീസ് മാർക്കറ്റിൽ ബുള്ളിഷായി നീങ്ങുന്ന റബർ 269ലെ സപ്പോർട്ട് നിലനിർത്തി ഈ വർഷത്തെ പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാം. പ്രതിദിന ചാർട്ടിൽ സാങ്കേതികമായി ഓവർബോട്ടായത് തിരുത്തലിന് അവസരമൊരുക്കുമെന്നു മുൻവാരം സൂചിപ്പിച്ചിരുന്നു. തിരുത്തലുകൾ പൂർത്തിയാവുന്നതോടെ 292 യെന്നിലെ പ്രതിരോധം മറികടക്കാനുള്ള കരുത്ത് റബർ കൈവരിക്കാം.
ചൈന ലൂണാർ പുതുവത്സരാഘോഷങ്ങളിലേക്കു തിരിയുന്നു. അവധിദിനങ്ങൾ മുന്നിൽക്കണ്ട് ഇടപാടുകാർ വാരാവസാനം ഏഷ്യൻ മാർക്കറ്റുകളിൽ ലാഭമെടുപ്പു നടത്തി. ഡിസംബർ രണ്ടാം വാരത്തിനുശേഷമുള്ള ആദ്യ പ്രതിവാര തളർച്ചയിലാണു റബർ. ചൈനീസ് മാർക്കറ്റിൽ ടണ്ണിന് 115 യുവാൻ കുറഞ്ഞ് 13,290 യുവാനിലാണു വാരാന്ത്യം, ടണ്ണിന് 1850.82 ഡോളർ.
സംസ്ഥാനത്ത് ഷീറ്റുവരവ് കുറഞ്ഞു. വില ഉയരുന്നതുകണ്ടു കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് പിടിച്ചുവച്ചു. ഉത്പാദനം കുറഞ്ഞതിനാൽ മികച്ചയിനം റബർ കിലോ 19,000ലേക്ക് ഉയരേണ്ട സാഹചര്യമാണു മുന്നിലുള്ളത്. എന്നാൽ, വ്യവസായികൾ ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാവും. നാലാം ഗ്രേഡ് 16,500 രൂപ വരെ കയറി. അഞ്ചാം ഗ്രേഡ് 16,100 രൂപയിലാണ്. ഒട്ടുപാൽ 10,400ലും ലാറ്റക്സ് 11,300ലുമാണ്.
തേയിലയ്ക്ക് തണുപ്പ്
മലയോരമേഖല വീണ്ടും ശൈത്യത്തിന്റെ പിടിയിലായതോടെ തേയില ഉത്പാദനം സ്തംഭിപ്പിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും തേയിലത്തോട്ടമേഖലയിലെ താപനില പൂജ്യം ഡിഗ്രി സെല്ഷസിലേക്കു നീങ്ങിയതു പല എസ്റ്റേറ്റുകളിലും കൊളുന്തുനുള്ള് നിർത്തിവയ്ക്കാൻ കാരണമായി. അതിശൈത്യംമൂലം മൂന്നാർ മേഖലയിലെ പല തോട്ടങ്ങളിലും കൊളുന്തുനുള്ളിൽനിന്ന് ഉത്പാദകർ പിന്തിരിഞ്ഞു. ഉത്പാദനക്കുറവ് ലേലത്തിനുള്ള ചരക്കുവരവിനെ ബാധിക്കും.
വിദേശ വ്യാപാരരംഗം അല്പം ആശങ്കയിലാണ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രൂക്ഷമായതിനാൽ കപ്പൽക്കന്പനികൾ ചരക്കുകൂലി ഉയർത്തിയതു രാജ്യാന്തര വാങ്ങലുകാരെ പിന്നാക്കം വലിക്കുന്നു.
പ്രതീക്ഷയോടെ കുരുമുളക്
കുരുമുളക് വില ക്വിന്റലിന് 55,500 രൂപയായി ഇടിഞ്ഞു. വിളവെടുപ്പിനു തുടക്കംകുറിച്ച തക്കത്തിന് ഉത്തരേന്ത്യക്കാർ നിരക്കു താഴ്ത്താൻ സമ്മർദം ചെലുത്തി. വിപണിയിലെ തളർച്ചയ്ക്കിടയിൽ കൂർഗിൽനിന്നും ഹസനിൽനിന്നുമുള്ള സ്റ്റോക്കിസ്റ്റുകൾ ചരക്കിറക്കിയതും തിരിച്ചടിയായി. ഈ മാസം രണ്ടാം പകുതിയിൽ കാർഷികമേഖലയിൽനിന്ന് കുരുമുളകുവരവ് ഉയരുമെന്നാണു വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. രണ്ടാഴ്ചയ്ക്കിടയിൽ ക്വിന്റലിന് 3500 രൂപ കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 7,300 ഡോളറാണ്. വിയറ്റ്നാം 4,000 ഡോളറിനും ഇന്തോനേഷ്യ 4,400 ഡോളറിനും ബ്രസീൽ 3,700 ഡോളറിനും ശ്രീലങ്ക 6,500 ഡോളറിനും മലേഷ്യ 6,600 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലക്ക വാരിക്കൂട്ടി
ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിസമൂഹവും ജനുവരിയിലും വൻ ആവേശതോടെയാണ് ഏലക്ക ലേലകേന്ദ്രങ്ങളിൽനിന്നു വാരിക്കൂട്ടിയത്. വിളവെടുപ്പ് അവസാന ഘട്ടത്തിലായതിനാൽ പരമാവധി ചരക്ക് കരുതൽ ശേഖരത്തിലെത്തിക്കാൻ മധ്യവർത്തികൾ ഉത്സാഹിച്ചു. മാസാവസാനത്തിൽ ഉത്പാദനമേഖലയിൽനിന്നുള്ള ഏലക്ക നീക്കം ചുരുങ്ങുമെന്നതു വിലക്കയറ്റത്തിന് അവസരമൊരുക്കാം.
നാളികേരരോത്പന്നങ്ങളുടെ വിലയുയർന്നു. മാസാരംഭമാണെങ്കിലും പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന മന്ദഗതിയിലാണ്. ഏതാനും ദിവസങ്ങളായി മില്ലുകാർ എണ്ണ വില ഉയർത്തിയെങ്കിലും മുന്നേറ്റം താത്കാലികമെന്ന് ഒരു വിഭാഗം ഇടപാടുകാർ പറയുന്നു. കൊപ്ര 9,200 രൂപയിൽനിന്ന് 9,400 രൂപയായി. വെളിച്ചെണ്ണ വില 13,900 രൂപയിലാണ്.