മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ അഗ്നിസുരക്ഷ; ചെന്നൈയിലെ കണ്‍സള്‍ട്ടന്‍സിയുമായി
ധാരണാപത്രം ഒപ്പുവച്ചു
Sunday, February 4, 2024 12:14 AM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഓഡിറ്റ് ചെയ്യുന്നതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യൂഎംപി) ചെന്നൈ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഫയർ എൻജിനിയറിംഗ് കണ്‍സൾട്ടൻസിയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഇതിനുള്ള ആദ്യഘട്ട നടപടിയുടെ ഭാഗമായി കെഎസ്ഡബ്ല്യൂഎംപി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യരും ഐഎഫ്ഇസി ചീഫ് എക്സിക്യുട്ടീവ് കണ്‍സൾട്ടന്റ് സി. അരുണഗിരിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേരളത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി മുന്‍പ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ധാരണാപത്രം. മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള തീപിടിത്തം തിരിച്ചറിയുന്നതിന് ഇത്തരം സുരക്ഷാസംവിധാനങ്ങൾ ഫലപ്രദമായിരിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അഗ്നിസുരക്ഷാ നിയമങ്ങളും മാർഗനിർദേശങ്ങളും പൂർണതോതിൽ പാലിക്കപ്പെടുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും.
ബ്രഹ്മപുരം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ ഉണ്ടായതിന് സമാനമായ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. മാലിന്യ ശേഖരണ കേന്ദ്രങ്ങളിലുണ്ടാകുന്ന വിപത്തുകൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഐഎഫ്ഇസി പോലെ ആഗോള അംഗീകാരമുള്ള കന്പനിയുടെ സേവനം സഹായകരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 25 പൈതൃക മാലിന്യകേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ 64 മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലും നഗരങ്ങളിലെ 74 മാലിന്യ ശേഖരണ കേന്ദ്രങ്ങളിലുമാണ് അഗ്നിസുരക്ഷാ ഓഡിറ്റ് നടത്തുന്നത്.