ആഭ്യന്തര വിനോദസഞ്ചാര പദ്ധതിയില്‍ ലക്ഷദ്വീപും
Friday, February 2, 2024 1:18 AM IST
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ പതിവിനു വിപരീതമായി ലക്ഷദ്വീപും ഇടംപിടിച്ചു.
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ കണ്ടുവച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് 35 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഈ കേന്ദ്രഭരണപ്രദേശം. എന്താണു ലക്ഷദ്വീപിനായി കേന്ദ്രം കരുതിവച്ചിരിക്കുന്നതെന്നു വ്യക്തമല്ലെങ്കിലും തുറമുഖവും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടെ വികസിപ്പിക്കുമെന്ന് ധനമന്ത്രി സൂചന നൽകി.
അടുത്തിടെ, ഇന്ത്യ-മാലദ്വീപ് നയതന്ത്ര തർക്കത്തിന്റെ കേന്ദ്രബിന്ദുവായി ലക്ഷദ്വീപ് മാറിയിരുന്നു. ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായിരുന്നു കാരണം.
ഇതിന്റെ പേരിൽ മോദിയെ രൂക്ഷമായി വിമർശിച്ച മൂന്നു മാലദ്വീപ് മന്ത്രിമാർക്കു സ്ഥാനം നഷ്ടമായി. വിനോദസഞ്ചാരത്തിൽ മാലദ്വീപിന് എതിരാളിയായി ലക്ഷദ്വീപിനെ വികസിപ്പിക്കാനുള്ള കേന്ദ്രനീക്കം മുന്നിൽക്കണ്ടായിരുന്നു മന്ത്രിമാരുടെ പരിഹാസമെങ്കിലും അത് തിരിച്ചടിച്ചു.