പേടിഎം ബാങ്കിന് ആർബിഐയുടെ വിലക്ക്
Thursday, February 1, 2024 1:40 AM IST
മുംബൈ: ഓണ്‍ലൈൻ ഫിൻടെക് പ്ലാറ്റ്ഫോമായ പേടിഎം പേമെന്റ്സ് ബാങ്കിനുമേൽ നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ ചട്ടങ്ങളിൽ പേടിഎം തുടർച്ചയായി വീഴ്ച വരുത്തുന്നതായുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 1949ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ 35എ വകുപ്പു പ്രകാരമാണ് ആർബിഐയുടെ നടപടി.
വണ്‍97 കമ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേടിഎം പേമെന്റ്സ് സർവീസസ് ലിമിറ്റഡ് എന്നിവയുടെ നോഡൽ അക്കൗണ്ടുകൾ ഉടൻ അടച്ചുപൂട്ടാൻ ആർബിഐ നിർദേശിച്ചു. ഇതോടെ, ഫെബ്രുവരി 29നുശേഷം ഉപയോക്താവിന്റെ അക്കൗണ്ട്, വാലറ്റ്, ഫാസ്ടാഗുകൾ, എൻസിഎംസി കാർഡുകൾ എന്നിവയിൽ നിക്ഷേപങ്ങളോ ടോപ്അപ്പോ നടത്താൻ പേടിഎം പേമെന്റ്സ് ബാങ്കിനു കഴിയില്ല.
ഫെബ്രുവരിക്കുശേഷം പേടിഎമ്മിന്റെ യുപിഐ-ഫണ്ട് ട്രാൻസ്ഫർ സേവനങ്ങളും ലഭ്യമാകില്ല. കാഷ്ബാക്ക്, റീഫണ്ട്, പലിശ നൽകൽ എന്നിവയ്ക്കു തടസമില്ല. പണം പിൻവലിക്കാനും അക്കൗണ്ടിലെ പണം ലഭ്യമായ പരിധിവരെ വിനിമയം ചെയ്യാനും അക്കൗണ്ട് ഉടമകൾക്ക് അനുമതിയുണ്ട്.
2022 മാർച്ചിൽ പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിൽനിന്ന് ആർബിഐ പേടിഎം പേമെന്റ്സ് ബാങ്കിനെ വിലക്കിയിരുന്നു.