റബര്‍ വില സബ്സിഡി: വെബ് സൈറ്റ് തുറന്നു
Tuesday, January 30, 2024 12:28 AM IST
കോട്ടയം: റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ബില്ലുകള്‍ അപ് ലോഡ് ചെയ്യാനുള്ള വെബ് സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമായി. സൈറ്റ് ക്രമീകരിച്ച എന്‍ഐസി കമ്പനിക്ക് കരാറനുസരിച്ചുള്ള തുക സര്‍ക്കാര്‍ കൊടുക്കാതെ വന്നതോടെയാണ് സേവനം നിലച്ചത്.
ഒന്‍പതാം ഘട്ടത്തില്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നാല്പതു ദിവസം മാത്രമാണ് സൈറ്റ് പ്രവര്‍ത്തിച്ചത്. ഇക്കാലത്ത് 9.75 കോടി രൂപ സബ്സിഡിക്കുള്ള ബില്ലുകള്‍ മാത്രമേ അപ് ലോഡ് ചെയ്യാനായുള്ളു. 80 കോടി രൂപ സബ്സിഡിക്കുള്ള ബില്ലുകള്‍ അതേ സമയം അപ് ലോഡ് ചെയ്യാനുണ്ടായിരുന്നു. 120 കോടി രൂപയ്ക്കുള്ള ബില്ലുകള്‍ കൂടി ഈ മാസം എത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സബ്സിഡി കുടിശികയായ 40 കോടികൂടി കൂട്ടിയാല്‍ 250 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇത്രയും തുക എന്ന് കര്‍ഷകര്‍ക്ക് ലഭിക്കുമെന്നതില്‍ വ്യക്തതയില്ല. ഒരു കിലോ റബറിന് പരമാവധി 170 രൂപയാണു പദ്ധതിയില്‍ ലഭിക്കുക.
അനിശ്ചിതത്വം ബാക്കി
കോട്ടയം: സബ്സിഡി സ്കീം ഒന്‍പതാം ഘട്ടത്തിന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും. മൂന്നു ലക്ഷം ബില്ലുകള്‍ പരിശോധിച്ച് സബ്സിഡിക്ക് അര്‍ഹമാണെന്ന് അനുമതി നല്‍കേണ്ടത് റബര്‍ ബോര്‍ഡാണ്.
റബര്‍ ബോര്‍ഡില്‍ നിയമനങ്ങള്‍ നിറുത്തി ജീവനക്കാരുടെ എണ്ണം ഓരോ വര്‍ഷവും കുറച്ചുകൊണ്ടിരിക്കെ ഇത്രയും ബില്ലുകള്‍ പരിശോധിക്കാനുള്ളത് വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രം. ഒരു വര്‍ഷം കാത്തിരുന്നാലും ബില്ലുകളുടെ പരിശോധന പൂര്‍ത്തിയാകില്ല. 2015ല്‍ തുടക്കമിട്ട പദ്ധതി പത്താം ഘട്ടത്തിലെത്തുമോ എന്നത് സംസ്ഥാന ബജറ്റിലേ അറിയാനാകൂ.