സഹകരണ സ്പിന്നിംഗ് മില്ലുകളിൽ ജോബ് കൺവേർഷൻ പ്രൊപ്പോസൽ പദ്ധതി
Saturday, January 27, 2024 11:51 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സംസ്ഥാന ടെക്സ്റ്റയിൽസ് ഫെഡറേഷന്റെ (ടെക്സ് ഫെഡ്) അധീനതയിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളിൽ ജോബ് പ്രൊപ്പോസൽ പദ്ധതി നടപ്പാക്കിത്തുടങ്ങി.
ജോബ് കൺവേർഷൻ പ്രൊപ്പോസൽ പദ്ധതിപ്രകാരം വൻകിട കമ്പനികൾക്കു വേണ്ടി നൂൽ ഉത്പാദിപ്പിക്കണം. വൻകിട കമ്പനികൾ എത്തിക്കുന്ന പഞ്ഞി ഉപയോഗിച്ച് നൂൽ ഉത്പാദിപ്പിച്ച് അവർക്ക് തന്നെ കൈമാറുന്നതാണ് പദ്ധതി. സ്വതന്ത്രമായി പ്രവർത്തിക്കുകയും ഉത്പാദനം നടത്തുകയും ചെയ്തു കൊണ്ടിരുന്ന സഹകരണ സ്പിന്നിംഗ് മില്ലുകൾക്ക് ഇനി അതു സാധ്യമല്ല.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം മിൽ മാനേജ്മെന്റും സ്വകാര്യകമ്പനി അധികൃതരും കരാറിൽ ഏർപ്പെട്ടതോടെ ജോബ് കൺവേർഷൻ പ്രൊപ്പോസൽ പദ്ധതിയനുസരിച്ച് പല സഹകരണ സ്പിന്നിംഗ് മില്ലുകളിലും നൂൽ ഉത്പാദനം തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസത്തേക്കാണ് കരാർ. ടെക്സ് ഫെഡിന് കീഴിൽ 12 സ്പിന്നിംഗ് മില്ലുകളാണുള്ളത്.
ഇത് സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കൊല്ലം സഹകരണ സ്പിന്നിംഗ് മിൽസ് ചെയർമാൻ എ.ആർ. ബഷീർ പറഞ്ഞു. കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ ഈ പദ്ധതിപ്രകാരം നൂൽ ഉത്പാദനവും കൈമാറ്റവും ആരംഭിച്ചുകഴിഞ്ഞു.
അസംസ്കൃതവസ്തുവായ പഞ്ഞി യഥേഷ്ടം സ്വകാര്യകമ്പനി എത്തിക്കുന്നു. പഞ്ഞി നല്കി നൂൽ ഉത്പാദിപ്പിച്ച് കൈമാറുമ്പോൾ ഉത്പാദന ചെലവ് മില്ലിനു ലഭിക്കും.
പഞ്ഞി വാങ്ങുന്നതിനുള്ള ചെലവ്, നൂലിന്റെ വില്പന എന്നീ കടമ്പകൾ മില്ലുകൾക്ക് ഒഴിവായി ക്കിട്ടും. ഒരു ലോഡിന് അഞ്ചു ലക്ഷം രൂപയാണ് ഉത്പാദനച്ചെലവായി കൊല്ലം സഹകരണ സ്പിന്നിംഗ് മിൽസിനു കിട്ടുക.
മുംബൈയിലെ വൻകിട സ്വകാര്യ കമ്പനിക്കു വേണ്ടിയാണ് കൊല്ലം സഹകരണ സ്പിന്നിംഗ് മിൽസ് നൂൽ ഉത്പാദിപ്പിക്കുന്നത്. മുംബൈ എംഎ ഗോൾഡ് എന്ന പേരിലാണ് നൂൽ ഉത്പാദനം. മില്ലുകൾക്കു നഷ്ടമില്ലാതെ പ്രവർത്തിക്കുന്നതിനും തൊഴിലാളികൾക്കു മുടക്കമില്ലാതെ തൊഴിലും വേതനവും നല്കുന്നതിനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ആദ്യഘട്ടത്തിൽ ജോബ് കൺവേർഷൻ പ്രൊപ്പോസൽ പദ്ധതിയും പിന്നീട് മില്ലുകൾ വൻകിട കമ്പനികൾക്കു പാട്ടത്തിനു നല്കുകയോ കൈമാറുകയോ ചെയ്യുമെന്ന ആശങ്കയിലാണ് തൊഴിലാളി യൂണിയനുകൾ.