45 വര്‍ഷത്തെ സര്‍വീസിന് 84ല്‍ വിരാമം
Wednesday, January 17, 2024 11:31 PM IST
പെൻസിൽവേനിയ: ആഗോള ഭക്ഷ്യശൃംഖലയായ മക്ഡൊണാൾഡ്സിൽ 45 വർഷം ജോലി ചെയ്ത വയോധിക 84-ാം വയസിൽ വിരമിച്ചു.
പെൻസിൽവേനിയ ഗിബ്സോണയിലെ മക്ഡൊണാൾഡ്സ് ഡ്രൈവ് ത്രൂ വിൻഡോയിൽ ജോലി ചെയ്തിരുന്ന ഡോട്ട് ഷാർപ്പാണു ദീർഘകാല സേവനത്തിനുശേഷം കന്പനിയോടു വിടപറഞ്ഞത്. ഈ ബ്രാഞ്ചിലെതന്നെ ജോലിക്കാരിയായ തന്റെ കൊച്ചുമകളിൽനിന്നാണ് ഷാർപ് അവസാന ഓർഡർ സ്വീകരിച്ചതെന്നതു മറ്റൊരു പ്രത്യേകത.
1978 സെപ്റ്റംബറിലാണു ഷാർപ് മക്ഡൊണാൾഡ്സിൽ ജോലി ആരംഭിച്ചത്. അന്ന് സിംഗിൾ മദറായിരുന്ന അവർ പല സമയങ്ങളിലായി ജോലി ചെയ്തു. 35 സെന്റായിരുന്നു അന്ന് ഫ്രൈസിന്റെ വില; ബിഗ് മാക് ഹാംബർഗറിന് 90 സെന്റും. ഇതിനിപ്പോൾ യഥാക്രമം ഒന്നര ഡോളറും അഞ്ചു ഡോളറുമാണ് വില.
കന്പനിയിലെ ദീർഘകാലയളവിൽ ക്രൂവിൽ തുടങ്ങി മാനേജർസ്ഥാനത്തുവരെ ഷാർപ് ജോലി നോക്കി. കഴിഞ്ഞ ഒന്‍പതു വർഷമായി അവർ ഗിബ്സോണയിലാണു ജോലി ചെയ്തിരുന്നത്.