റബർ: ആഗോള ഉത്പാദനം ചുരുങ്ങി
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, January 15, 2024 12:54 AM IST
ആഗോള റബർ ഉത്പാദനം ചുരുങ്ങുമെന്ന യാഥാർഥ്യം മറച്ചുവയ്ക്കാനാകില്ലെന്നു വ്യക്തമായതോടെ വ്യവസായികൾ ഷീറ്റ് വില ഉയർത്തി. പ്രതികൂല കാലാവസ്ഥയിലും കാപ്പി വിളവെടുപ്പ് മന്ദഗതിയിലാണ്. അടിമാലിയിൽനിന്നുള്ള പുതിയ കുരുമുളകിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. വെളിച്ചെണ്ണയ്ക്കു പ്രാദേശിക ഡിമാൻഡ് ഉയർന്നില്ല, നിരക്കിൽ വർധനയുണ്ടായി. പശ്ചിമേഷ്യൻ സംഘർഷം മഞ്ഞലോഹത്തിനു നേട്ടമായി.
തായ്ലൻഡിലെ കനത്ത മഴ ടാപ്പിംഗിൽനിന്നു പിന്തിരിയാൻ കർഷകരെ നിർബന്ധിതരാക്കി. ഇതു ഷീറ്റ് ക്ഷാമമുണ്ടാക്കും. അവരുടെ കയറ്റുമതികളെയും ബാധിക്കും. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്നതും കയറ്റുമതി നടത്തുന്നതുമായ തായ്ലൻഡിലെ സ്ഥിതിഗതികൾ പൊടുന്നനെ മാറിമറിഞ്ഞത് ഇറക്കുമതി രാജ്യങ്ങളിൽ ആശങ്കപരത്തി. ചുരുങ്ങിയ ദിവസങ്ങളിൽ വില 149ൽനിന്ന് 155ലേക്കു കുതിച്ചതു കയറ്റുമതിക്കാരെ ചരക്കുസംഭരണത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു, ചിലർ ജനുവരി ഷിപ്മെന്റ് കാലാവധി നീട്ടിച്ചോദിച്ചതായും അറിയുന്നു.
റബർ അവധി വ്യാപാരത്തിൽ ഉൗഹക്കച്ചവടക്കാരെ ഇതു സമ്മർദത്തിലാക്കി. ഓപ്പറേറ്റർമാർ ഷോർട്ട് കവറിംഗിനു നീക്കം തുടങ്ങിയത് ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിൽ ചലനമുണ്ടാക്കി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കാരണം, വാരാവസാനം ക്രൂഡ് ഓയിൽ വില ബാരലിനു രണ്ടു ഡോളർ ഉയർന്നത് കൃത്രിമ റബർ വിലയിൽ പ്രതിഫലിക്കും.
ഇലപൊഴിച്ചിൽ
കനത്ത പകൽച്ചൂടും അനവസരത്തിലെ മഴയും റബർതോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമാക്കി. സ്ഥിതി അനുകൂലമല്ലെന്നു തിരിച്ചറിഞ്ഞ പലരും വെട്ടു കുറച്ചു. മരങ്ങളിൽനിന്നുള്ള യീൽഡ് ചുരുങ്ങിയതു ടാപ്പിംഗ് ദിനങ്ങൾ കുറയ്ക്കാൻ നിർബന്ധിതരാക്കും.
ധനുവിനോടു വിടപറഞ്ഞു മകരത്തിലേക്കു പ്രവേശിച്ച അവസരത്തിൽപ്പോലും റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്തു മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിക്ക്, കുംഭത്തിലെ ചൂട് കാർഷികമേഖലയെ ചക്രശ്വാസം വലിപ്പിക്കും. കേരളത്തിൽ അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളെ മറികടക്കാനായില്ലെങ്കിൽ കൃഷിയുമായി അധികനാൾ നമ്മുക്കു പിടിച്ചുനിൽക്കാനാവില്ല. ഈ യാഥാർഥ്യം കൃഷിവകുപ്പ് മനസിലാക്കിയില്ലെങ്കിൽ തരിശുഭൂമിയുടെ കാലം വിദൂരമല്ല.
ടയർ നിർമാതാക്കളിൽനിന്നുള്ള ഡിമാൻഡ് നാലാം ഗ്രേഡിനെ 15,550 രൂപയിൽനിന്ന് 15,800ലേക്ക് ഉയർത്തി. എന്നാൽ, നിരക്ക് ഉയർന്നതല്ലാതെ വ്യവസായികൾക്കു കാര്യമായി ചരക്ക് സംഭരിക്കാനായില്ല. പേരു വെളിപ്പെടുത്താതെ ചില കന്പനികൾ വാരാവസാനം 15,900 രൂപയും വാഗ്ദാനം ചെയ്തു. ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ഷീറ്റ് നീക്കം നിയന്ത്രിക്കുന്നതിനാൽ 16,400ലെ ആദ്യ പ്രതിരോധം മറികടക്കാനുള്ള കരുത്ത് വിപണി കൈവരിക്കാം. അഞ്ചാം ഗ്രേഡ് 15,200ൽനിന്ന് 15,500 രൂപയായി. ഒട്ടുപാൽ 10,200 രൂപയിലും ലാറ്റക്സ് 10,600 രൂപയിലും വ്യാപാരം നടന്നു.
കാപ്പിക്ക് മഴച്ചതി
അനവസരത്തിലെ അപ്രതീക്ഷിത മഴ കാപ്പിക്കർഷകരെ പ്രതിസന്ധിയിലാക്കി. വയനാട്, പാലക്കാട് മേഖലകളിലെ കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പ് വേളയിൽ മഴമേഘങ്ങളുടെ കടന്നുവരവ് സ്ഥിതി സങ്കീർണമാക്കി. മൂത്തുവിളഞ്ഞ കാപ്പിക്കുരു പൊഴിഞ്ഞുവീണത് സാന്പത്തിക നഷ്ടം വരുത്തി. വിളവെടുത്ത കാപ്പിക്കുരു ഉണക്കാനിട്ടപ്പോൾ മഴയിൽ ഒലിച്ചു പോയതും ഉത്പാദകർക്കു തിരിച്ചടിയാണ്.
ആഗോളവിപണിയിലെ കാപ്പിവില വർധന നേട്ടമാക്കാനാകുമെന്ന പ്രതീക്ഷയ്ക്കിടയിലുണ്ടായ, പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കാർഷിക മേഖല. വയനാടൻ വിപണിയിൽ ഉണ്ടക്കാപ്പി വാരാന്ത്യം 7,800ലേക്കും കാപ്പിപ്പരിപ്പ് 25,500 രൂപയിലേക്കും ഉയർന്നു.
കൊപ്രയ്ക്കു നേട്ടം
കൊപ്ര വില ഈ വർഷം ഇതാദ്യമായി ഉയർന്നു. നവംബർ മധ്യത്തിനുശേഷം 100 രൂപയുടെ മികവിൽ കൊപ്ര 8900ലാണ്. അനുകൂലവാർത്തകൾക്ക് ഉത്പന്നത്തെ 9100-9400 നിലയിലേക്കു കൈപിടിച്ചുയർത്താനുള്ള കരുത്തുണ്ട്. എന്നാൽ, മകരവിളക്ക് കഴിയുന്നതോടെ ശബരിമല കൊപ്ര സന്നിധാനത്തുനിന്ന് ഇറങ്ങിത്തുടങ്ങും. വിൽപ്പനയ്ക്ക് ഇറക്കുന്നതിലുപരി പച്ചത്തേങ്ങ കൊപ്രയാക്കി മാറ്റാനാണ് ഒരു വിഭാഗം കർഷകരുടെ ഉത്സാഹം. എന്നാൽ, പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന ഇനിയും ചൂടുപിടിച്ചിട്ടില്ല. കൊച്ചിയിൽ എണ്ണ ക്വിന്റലിന് 14,000 രൂപയിലാണ്. പാംഓയിൽ 8250ലേക്ക് താഴ്ന്നതു വെളിച്ചെണ്ണയിൽ സമ്മർദമുളവാക്കാം.
പൊന്നിന് ചാഞ്ചാട്ടം
പശ്ചിമേഷ്യൻ സംഘർഷം സ്വർണത്തിനു നേട്ടമാണ്. ആഭരണ കേന്ദ്രങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞശേഷം വാരാവസാനം നിരക്കുയർന്നു. പവൻ വർഷാരംഭത്തിലെ 47,000 രൂപയിൽനിന്ന് 920 രൂപ ഇടിഞ്ഞ് 46,080 വരെ താഴ്ന്നശേഷം വാരാന്ത്യം 46,400 രൂപയിലാണ്.
മൂപ്പെത്തി മുളക്
ഡിസംബറിൽ തെക്കൻ കേരളത്തിൽനിന്നുള്ള മൂപ്പുകുറഞ്ഞ കുരുമുളകാണു വിൽപ്പനയ്ക്കിറങ്ങിയതെങ്കിൽ അടിമാലിയിൽനിന്നുള്ള മൂപ്പുകൂടിയ ചരക്കാണ് കർഷകർ ഇപ്പോൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. മാസാവസാനതോടെ പുതിയ ചരക്ക് അവർ കൂടുതലായി ഇറക്കുമെന്നാണ് ചെറുകിട വ്യാപാരികളുടെ വിലയിരുത്തൽ.
അതേസമയം, വിപണിവില ഉയർന്നതിനാൽ തിരക്കിട്ടുള്ള വിൽപ്പന നടത്തില്ലെന്നാണു വൻകിട കർഷകരുടെ നിലപാട്. വിളവെടുപ്പു പൂർത്തിയാകുന്നതോടെ വില ഇനിയും മുന്നേറുമെന്ന് സ്റ്റോക്കിസ്റ്റുകളും പ്രതീക്ഷ വയ്ക്കുന്നു. ഉത്തരേന്ത്യൻ അന്വേഷണങ്ങൾ മുളകുവിപണിക്കു താങ്ങു പകരുമെന്ന കണക്കുകൂട്ടലിലാണവർ.
ഇതര ഉത്പാദകരാജ്യങ്ങളിൽ ലഭ്യത ചുരുങ്ങിയത് ഇറക്കുമതി ലോബിയെ പിന്നോട്ടുവലിക്കാം. അതേസമയം, രൂപയുടെ വിനിമയമൂല്യം ശക്തിപ്രാപിക്കുന്നത് ഇറക്കുമതിക്കാർക്കു നേട്ടമാണ്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7450 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 61,000 രൂപയിൽ വിൽപ്പന നടന്നു.