സന്പദ്ഘടന മുന്നേറി, രൂപ തിളങ്ങി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, January 15, 2024 12:54 AM IST
ഇന്ത്യൻ സന്പദ്ഘടന റോക്കറ്റ് കണക്കേ മുന്നേറിയത് ഓഹരി സൂചികയ്ക്കു മാത്രമല്ല, രൂപയ്ക്കും തിളക്കം പകർന്നു. ഡോളറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണു വിനിമയവിപണിയിൽ രൂപ കാഴ്ചവച്ചത്. മുൻവാരം ഇതേ കോളത്തിൽ പറഞ്ഞത് 82.73ലേക്കു രൂപ ശക്തിപ്രാപിച്ചത് കണക്കിലെടുത്താൽ അടുത്ത വായ്പാ അവലോകനത്തിൽ ആർബിഐ പലിശയിൽ കുറവ് പ്രഖ്യാപിച്ചേക്കും. ഈ വർഷം ആദ്യമായാണ് മുൻ നിര സൂചികകൾ പ്രതിവാരനേട്ടം കൈവരിക്കുന്നത്. സെൻസെക്സ് 542 പോയിന്റും നിഫ്റ്റി 183 പോയിന്റും വർധിച്ചു.
നിഫ്റ്റി മുന്നോട്ട്
നിഫ്റ്റി ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. 21,710ൽനിന്നു നേരത്തേ സൂചിപ്പിച്ച 21,862ലെ പ്രതിരോധം തകർത്ത് രണ്ടാം പ്രതിരോധമായ 22,015 പോയിന്റിനെ ലക്ഷ്യമാക്കി കുതിച്ചു. ഇതിനിടെ, വിദേശ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു കാണിച്ച അമിതാവേശത്തിൽ 21,928.25ൽ സൂചികയുടെ കാലിടറി. നിഫ്റ്റിയുടെ റിക്കാർഡ് പ്രകടനം ഇടപാടുകാരെ ലാഭമെടുപ്പിനു നിർബന്ധിതരാക്കി.
വാരാന്ത്യം 21,894ൽ നിലകൊള്ളുന്ന നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ, മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 21,862ന് മുകളിൽ ക്ലോസിംഗിൽ ഇടംപിടിച്ചതു ശുഭസൂചനയാണ്.
വിപണിയുടെ മറ്റു ചലനങ്ങൾ വിലയിരുത്തിയാൽ 22,055നെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം വിജയിച്ചാൽ ഇരട്ടിവീര്യവുമായി നിഫ്റ്റി 22,216-22,666നെ ഉറ്റുനോക്കാം. നിലവിൽ 21,605ലെ സപ്പോർട്ട് പുതിയ വാങ്ങലുകാർക്ക് അവസരമാക്കാം. അതേസമയം, ഈ താങ്ങ് കൈമോശംവന്നാൽ നിഫ്റ്റി 21,316 വരെ തിരുത്തൽ കാഴ്ചവയ്ക്കാം. സൂപ്പർ ട്രെൻഡും പാരാബോളിക്ക് എസ്എആർ വാങ്ങലുകാർക്ക് അനുകൂലമാണ്. എംഎസിഡി ബുള്ളിഷെങ്കിലും ചെറിയതോതിൽ റിവേഴ്സ് റാലിക്കു ശ്രമിക്കാം. മറ്റു പല ഇൻഡിക്കേറ്ററുകളും ഓവർ ബോട്ടായത് ഓപ്പറ്റേർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കും.
നിഫ്റ്റി ജനുവരി ഫ്യൂച്ചർ 21,794ൽനിന്ന് 153 പോയിന്റ് മികവിൽ 21,947ലേക്ക് ഉയർന്നു. നിഫ്റ്റി ഫ്യൂച്ചറിലെ ഓപ്പണ് ഇന്ററസ്റ്റ് മുൻവാരത്തിലെ 132.3 ലക്ഷം കരാറുകളിൽനിന്ന് 138.5 ലക്ഷമായി. സൂചികയുടെ മുന്നേറ്റത്തിനിടയിൽ ഓപ്പണ് ഇന്ററസ്റ്റ് ഉയരുന്നത് ബുൾ ഓപ്പറേറ്റർമാരുടെ കരുത്തു വ്യക്തമാക്കുന്നു. വിപണിയുടെ അടിയൊഴുക്കു കണക്കിലെടുത്താൽ ഹ്രസ്വകാലയളവിൽ, ജനുവരി സീരീസ് സെറ്റിൽമെന്റ് വേളയിലോ ഫെബ്രുവരി സീരീസ് ആരംഭത്തിലോ 22,300-22,500നെ കൈപ്പിടിയിലൊതുക്കും.
ചരിത്രത്തിരുത്ത്
മുൻനിര ഓഹരികളിൽ ദൃശ്യമായ ശക്തമായ വാങ്ങൽ താത്പര്യം സെൻസെക്സിനെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിച്ചു. സൂചിക 72,026ൽനിന്ന് 72,561ലെ റിക്കാർഡ് തകർത്ത് എക്കാലത്തെയും ഉയർന്ന നിലവാരമായ 72,720.96 വരെ കയറി നിക്ഷേപകരെ മോഹിപ്പിച്ചു. വ്യാപാരാന്ത്യം സൂചിക 72,568 പോയിന്റിലാണ്. സെൻസെക്സ് 71,586ലെ താങ്ങ് നിലനിർത്തുവോളം 73,134-73,701 വരെ ഉയർന്ന് കരുത്തു പ്രദർശിപ്പിക്കാം.
സുവർണകാലം
സ്വർണം മികവിലാണ്. ട്രോയ് ഒൗണ്സിന് 2043 ഡോളറിൽനിന്ന് 2061 വരെ ഉയർന്നങ്കിലും തൊട്ടുമുൻവാരത്തിലെ 2067ലേക്ക് അടുക്കാനാകാതെ ക്ലോസിംഗിൽ 2048ലാണ്. ഈ വാരം 2064ലെ ആദ്യ പ്രതിരോധം തകർത്താൽ 2094 ഡോളറിലേക്കും തുടർന്ന് 2148ലേക്കും കത്തിക്കയറാം.
രൂപയ്ക്കു നേട്ടം
ഫോറെക്സ് മാർക്കറ്റിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഏഷ്യൻ നാണയം രൂപയാണ്. രൂപയുടെ മികവുകണ്ട് വിദേശ ഫണ്ടുകൾ ഡോളർ ശേഖരിക്കുന്നതു നിയന്ത്രിച്ചു. ജനുവരി ആദ്യം 83.33ലേക്കു ദുർബലമായ രൂപ 82.73ലേക്കു ശക്തിപ്രാപിക്കുമെന്നു പോയവാരം സൂചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മൂല്യം 82.73ലേക്കു മികവു കാണിച്ചശേഷം 82.92ലാണ്. 82.52ലേക്ക് അടുക്കാനുള്ള ശ്രമത്തിലാണു രൂപ.
കോർപ്പറേറ്റ് മേഖലയുടെ ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളിലാണു വിപണിയുടെ കണ്ണും മനസും. ധനമന്ത്രാലയം ബജറ്റ് തയാറാക്കുന്ന തിരക്കിലും. രൂപയുടെ മികവു കണക്കിലെടുത്തു റിസർവ് ബാങ്ക് പലിശയിൽ ഇളവ് പ്രഖ്യാപിക്കാം. പശ്ചിമേഷ്യൻ സംഘർഷം ഭയന്ന് കപ്പൽക്കന്പനികൾ ചരക്കുകൂലി കുത്തനെകൂട്ടിയതു വൻ ബാധ്യതയാണ്. ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറും. എണ്ണ ചൂടുപിടിക്കുന്നതു രൂപയുടെ മൂല്യത്തിൽ പ്രതിഫലിക്കും.