പണപ്പെരുപ്പം കൂടി
Saturday, January 13, 2024 1:50 AM IST
ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഡിസംബറിൽ 5.69 ശതമാനമാണു പണപ്പെരുപ്പമെന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അറിയിച്ചു.
ഉപഭോക്തൃ വിലസൂചിക (സിപിഐ) നവംബറിലെ 5.5 ശതമാനത്തിൽനിന്ന് ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ ഉയർന്ന പരിധിയായ ആറു ശതമാനത്തിനു താഴെയാണ്. 5.72 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിലെ പണപ്പെരുപ്പനിരക്ക്.
പഴം, പച്ചക്കറി എന്നിങ്ങനെ ഭക്ഷ്യവിലയിലുണ്ടായ വർധനയാണു പണപ്പെരുപ്പം ഉയരാൻ കാരണം. 9.53 ശതമാനമാണു ഡിസംബറിലെ ഭക്ഷ്യ പണപ്പെരുപ്പം. പുറത്തുവന്ന പണപ്പെരുപ്പക്കണക്കുകളിൽ ഏറ്റവും ഉയർന്നതാണിത്. 2022 ഡിസംബറിൽ ഇതു 4.19 ശതമാനമായിരുന്നു; കഴിഞ്ഞ വർഷം നവംബറിൽ 8.7 ശതമാനവും.
ഭക്ഷ്യവിലയിലെ ചാഞ്ചാട്ടം പണപ്പെരുപ്പത്തെ സ്വാധീനിക്കുമെന്നു കഴിഞ്ഞ പണനയ പ്രഖ്യാപനത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുന്നറിയിപ്പു നൽകിയതാണ്. ഗോതന്പ്, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളകളുടെ കൃഷിയും പഞ്ചസാരവിലയിലെ വർധനയും നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പണപ്പെരുപ്പക്കണക്കുകൾ റോയിട്ടേഴ്സ് സർവേ ഈ മാസമാദ്യം പ്രവചിച്ച 5.87 ശതമാനത്തേക്കാൾ കുറവാണ്. തുടർച്ചയായ നാലാം മാസവും പണപ്പെരുപ്പം ആറു ശതമാനത്തിനു താഴെ പിടിച്ചുനിർത്താനായതു റിസർവ് ബാങ്കിന് ആശ്വാസമാകും.
വ്യാവസായിക ഉത്പാദന സൂചികയിലും കാര്യമായ ഇടിവുണ്ടായി. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾപ്രകാരം 2.4 ശതമാനമാണ് ഈ സൂചിക.
കഴിഞ്ഞ വർഷം മാർച്ചിലെ 1.7 ശതമാനം കഴിഞ്ഞാൽ ഏറ്റവും താഴ്ന്ന നിലയാണിത്. ഉത്പാദനമേഖല 2022 നവംബറിനെ അപേക്ഷിച്ച് 1.2 ശതമാനം വർധിച്ചു. വൈദ്യുതമേഖലയിൽ 5.8 ശതമാനവും ഖനനമേഖലയിൽ 6.8 ശതമാനവുമാണു വളർച്ച.