സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു
Wednesday, January 3, 2024 10:55 PM IST
തിരുവനന്തപുരം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.
പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർധന. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർധന.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. 15 ദിവസം മുതൽ 45 ദിവസം വരെ ആറു ശതമാനം, 46 ദിവസം മുതൽ 90 ദിവസം വരെ ആറര ശതമാനം 91 ദിവസം മുതൽ 179 ദിവസം വരെ ഏഴര ശതമാനം 180 ദിവസം മുതൽ 364 ദിവസം വരെ 7.75 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങൾക്ക് പലിശ. കൂടാതെ, ഒരു വർഷം മുതൽ രണ്ടു വർഷം വരെ ഒൻപത് ശതമാനവും രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8.75ശതമാനവും എന്നതാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.
ദേശസാത്കൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേതും കൂടിയ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. നിക്ഷേപത്തിന്റെ 30% വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ വർധനവ് വരുത്തിയിട്ടുണ്ട്.