ജെൻ റോബോട്ടിക്സിനു പുരസ്കാരം
Sunday, December 17, 2023 12:49 AM IST
തിരുവനന്തപുരം: ഗ്ലോബൽ പാർട്ണർഷിപ് ഓണ്‍ ആർട്ടിഫിഷൽ ഇന്റലിജൻസ് (ജിപിഎഐ) ഉച്ചകോടിയിലെ ‘എഐ ഗെയിം ചേഞ്ചേഴ്സ് പുരസ്കാര’ വിഭാഗത്തിൽ മികച്ച എഐ സ്റ്റാർട്ടപ്പിനുള്ള ബഹുമതി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്സിനു ലഭിച്ചു. ഇതോടെ രാജ്യത്തെ മികച്ച മൂന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ജെൻ റോബോട്ടിക്സ് ഇടം നടി.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഉച്ചകോടിയിൽ പ്രദർശിപ്പിച്ച ജി ഗെയ്റ്റർ റോബോട്ടിക് സാങ്കേതിക വിദ്യയാണ് ജെൻ റോബോട്ടിക്സിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഇതിലൂടെ ആരോഗ്യ പരിപാലനത്തിന് നല്കിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ പുരസ്കാരം വിതരണം ചെയ്തു.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനിൽനിന്ന് ജെൻ റോബോട്ടിക്സ് മെഡിക്കൽ ആൻഡ് മൊബിലിറ്റി റീജണൽ ഡയറക്ടർ അഫ്സൽ മുട്ടിക്കലും റീജണൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അരുണ്‍ ഡൊമിനിക്കും പുരസ്കാരം ഏറ്റുവാങ്ങി.
സ്ട്രോക്ക്, അപകടങ്ങൾ, നട്ടെല്ലിന് ക്ഷതം, പാർക്കിൻസണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ വേഗത്തിൽ സൗഖ്യം ലഭിക്കാൻ എഐ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റർ പരിശീലിപ്പിക്കും.
ജി ഗെയ്റ്റർ വിന്യസിച്ച രാജ്യത്തെ ആദ്യത്തെ സർക്കാർ ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറിയത് അടുത്തിടെയാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ ജി ഗെയ്റ്ററിനെ വിന്യസിക്കാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ട്.