353 കോടി പിടിച്ചെടുത്ത സംഭവം; പത്താം ദിവസം റെയ്ഡ് പൂർത്തിയായി
Saturday, December 16, 2023 2:28 AM IST
ഭുവനേശ്വർ: കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി.
ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കന്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡീഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളിൽ നടത്തിയ റെയ്ഡ് ഇന്നലെ പുലർച്ചെ അവസാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
റെയ്ഡിന്റെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന് (സിബിഡിടി) അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഡിസംബർ ആറിന് ആരംഭിച്ച റെയ്ഡ് പത്താം ദിവസമാണ് അവസാനിച്ചത്. പരിശോധനയിൽ 353 കോടി രൂപയും മൂന്നു കിലോയോളം സ്വർണവും കണ്ടെടുത്തിരുന്നു. വിവിധ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ ബാങ്കുകളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കൗണ്ടിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് നോട്ടുകൾ എണ്ണി ത്തിട്ടപ്പെടുത്തിയത്. ആദായി നികുതി റെയ്ഡിൽ ധീരജ് സാഹുവോ ബൗധ് ഡിസ്റ്റിലറിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പിടിച്ചെടുത്ത പണം കോണ്‍ഗ്രസിന്റെ അഴിമതി തെളിയിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാർ പാർലമെന്റ് കോംപ്ലക്സിലെ ഗാന്ധിപ്രതിമയ്ക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കോണ്‍ഗ്രസാകട്ടെ, സംഭവത്തിൽ ധീരജ് പ്രസാദ് സാഹുവിനെ തള്ളിപ്പറഞ്ഞു.