പ്രതീക്ഷിച്ചതിനേക്കാൾ ഇടിഞ്ഞ് ബ്രിട്ടീഷ് സന്പദ്വ്യവസ്ഥ
Thursday, December 14, 2023 12:24 AM IST
ലണ്ടൻ: ഒക്ടോബറിൽ പ്രതീക്ഷിച്ചതിനേക്കാൾ ഇടിഞ്ഞ് ബ്രിട്ടീഷ് സന്പദ് വ്യവസ്ഥ. ഉയർന്ന പലിശനിരക്കും മോശം കാലാവസ്ഥയും രാജ്യത്തിന്റെ സാന്പത്തികസ്ഥിതി മോശമാക്കി. 0.3 ശതമാനമാണ് ഒക്ടോബറിലെ ഇടിവ്. സെപ്റ്റംബറിൽ 0.2 ശതാനം ഉയർച്ചയുണ്ടായിരുന്നതിൽനിന്നാണ് ഈ തകർച്ച.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ബ്രിട്ടീഷ് കേന്ദ്രബാങ്ക് പലിശനിരക്ക് വർധിപ്പിച്ചതോടെ ഗാർഹികചെലവിൽ ഇടിവുണ്ടായി. ബാബറ്റ് കൊടുങ്കാറ്റ് രാജ്യത്തെ റീട്ടെയ്ൽ-വിനോദസഞ്ചാര മേഖലകളെ പ്രതികൂലമായി ബാധിച്ചു. 0.1 ശതമാനത്തിന്റെ ഇടിവ് ഒക്ടോബറിലുണ്ടാകുമെന്നായിരുന്നു സാന്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ, കണക്കുകൾ അതിനെയും മറികടന്നു.
ബ്രിട്ടീഷ് സന്പദ്വ്യവസ്ഥയെ കൈപിടിച്ചുയർത്തുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ വാഗ്ദാനം. എന്നാൽ, 2025 ജനുവരി വരെ നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകുന്ന ലക്ഷണമില്ല. ഇക്കാലയളവിലാണു രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക.
സെപ്റ്റംബർ വരെ 14 തവണയാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി പലിശനിരക്ക് വർധിപ്പിച്ചത്. ഇതു വിലവർധനയ്ക്കു കാരണമായി. സാന്പത്തിക വളർച്ചയെ ഇതു പ്രതികൂലമായി ബാധിച്ചു.
വ്യവസായികൾക്ക് കൂടുതൽ കടമെടുക്കേണ്ടിവന്നു. നിലവിൽ 5.25 ശതമാനമാണു പലിശനിരക്ക്. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. കുറച്ചു കാലം കൂടി ഈ പലിശനിരക്ക് തുടരുമെന്നാണു സൂചന.