സ്റ്റേ നിലനിൽക്കെ എങ്ങനെ നികുതി പിരിക്കും: വിമർശനവുമായി സുപ്രീംകോടതി
Wednesday, November 22, 2023 12:30 AM IST
ന്യൂഡൽഹി: ഇടക്കാല ഉത്തരവ് നിലനിൽക്കെ അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് പ്രവേശനനികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസുടമകൾ അറിയിച്ചതോടെയാണ് കോടതിയുടെ വിമർശനം.
കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ എങ്ങനെ നികുതി പിരിക്കാൻ സാധിക്കുമെന്ന് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ് ഫീസ് നൽകിയാൽ സംസ്ഥാന നികുതി നൽകേണ്ടെന്നാണ് ബസുടമകളുടെ വാദം. എന്നാൽ പെർമിറ്റ് ഫീസിൽ അന്തർസംസ്ഥാന നികുതി ഉൾപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരളമടക്കം നികുതി ഈടാക്കിയിരുന്നു. ഇതിനെതിരേ റോബിൻ ബസിന്റെ ഉൾപ്പെടെ 94 ബസുടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും നികുതി ഇനിമുതൽ ഈടാക്കില്ലെന്നും തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ് കേരളവും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുമെന്ന് വ്യക്തമാക്കി.