ഏലക്കായുടെ പണം പത്തു ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നടപടി
Sunday, November 19, 2023 1:14 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കര്‍ഷകര്‍ ഓക്ഷന് സെന്ററുകളില്‍ വില്പന നടത്തുന്ന ഏലക്കായുടെ വില 10 ദിവസത്തിനുളളില്‍ നല്‍കണമെന്ന കര്‍ശന നിര്‍ദേശവുമായി സ്പൈസസ് ബോര്‍ഡ്. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ എല്ലാ ഓക്ഷന് സെന്ററുകള്‍ക്കും അടിയന്തരമായി കൈമാറി. ഏലക്ക വിറ്റ് 30 ദിവസം വരെ വൈകി പണം നല്കുന്ന സംഭവങ്ങള്‍ വ്യാപകമാകുകയും ഇത് സംബന്ധിച്ച് ദീപിക വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്പൈസസ് ബോര്‍ഡ് ഇടപെടല്‍.
കര്‍ഷകരില്‍ നിന്ന് ഏലക്കായ് വാങ്ങി വില്പന നടത്തിയശേഷം ഉത്പന്നത്തിന്റെ പണം പലിശ ഈടാക്കി കര്‍ഷകര്‍ക്ക് നല്കുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ ദീപിക പുറത്തുകൊണ്ടുവന്നിരുന്നു. പലിശ ഇനത്തില്‍ ലക്ഷക്കണക്കിനു രൂപയാണ് ഓരോ ഓക്ഷനിലും കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. ലേലം നടന്ന ശേഷം അപ്പോള്‍ തന്നെ പണം ലഭിക്കണമെങ്കില്‍ കൊടും പലിശ ഈടാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനുംമാറ്റം വരേണ്ടതായുണ്ട്.
ഇക്കാര്യത്തില്‍ സ്പൈസസ് ബോര്‍ഡ് ഇടപെടല്‍ അനിവാര്യമാണ്. കേരളത്തില്‍ മറ്റൊരു കാര്‍ഷിക ഉത്പന്നത്തിനും വില്പനയ്ക്ക് ഈ രീതി നിലവിലില്ല. ദീപിക വാര്‍ത്തയ്ക്ക് പിന്നാലെ ഏലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് ഇടുക്കിയിലെ ഏലം കര്‍ഷകരുടെ കൂട്ടായ്മയായ വണ്ടന്മേട് കാര്‍ഡമം പ്ലാന്റേഷന് ഫെഡറേഷന് ചെയര്മാന് സ്റ്റെനി പോത്തന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്തെത്തി ചെയര്‍മാനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ലേലം കഴിയുമ്പോള്‍ തന്നെ ഉത്പന്നത്തിന്റെ പണം പലിശ ഈടാക്കാതെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി വേണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്.
കര്‍ഷകര്‍ ഏറെ കഷ്ടപ്പെട്ട് കൃഷിചെയ്ത് വിളവെടുക്കുന്ന ഏലക്കായ്ക്ക് വില്പന നടത്തുമ്പോള്‍ തന്നെ പലിശ ഈടാക്കാതെ പണം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യമെന്നു ചക്കുപള്ളത്തെ ഏലം കര്‍ഷകനായ ജെയ്സണ്‍ ചെമ്മരപ്പള്ളില്‍ പറഞ്ഞു. ലേലകേന്ദ്രങ്ങളില്നിന്നും പണം കൃത്യസമയത്ത് കര്‍ഷകര്‍ക്ക് നൽകാന് കഴിയാത്തതിന്റെ കാരണം ലേലം വിളിച്ചെടുക്കുന്ന വ്യാപാരികള്‍ കൃത്യമായി പണം ഓക് ഷന് സെന്ററുകള്‍ക്ക് നല്‍കാത്തതാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഓക്ഷന് കമ്പനികള്‍ക്ക് ലൈസന്‍സ് നല്കാന് സ്പൈസസ് ബോര്‍ഡ് മുന്നോട്ടുവയ്ക്കുന്ന ബാങ്ക് ഗാരന്റി പോലെ തന്നെ ഓക്ഷനുകളില് നിന്ന് ഏലക്കായ് ലേലം വിളിക്കാന്‍ എത്തുന്ന വ്യാപാരികള്‍ക്കും ബാങ്ക് ഗാരന്റി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവില്‍ സ്പൈസസ് ബോര്‍ഡിന്റെ ട്രേഡ് ലൈസന്‍സ് ഉള്ള വ്യാപാരിക്ക് ലേലത്തില്‍ പങ്കെടുക്കാം. ചില വ്യാപാരികള്‍ ഒരു ഓക്ഷനില്‍ നിന്ന് ലേലം വിളിച്ച് ഏലക്കായ് മറ്റൊരു ഓക്ഷനില്‍ വീണ്ടും എത്തിച്ച് ഊഹക്കച്ചവടം നടത്തുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം ഓക്ഷനുകളില് എപ്പോഴും കൂടിയതോതിലുള്ള ഏലക്കായ് വില്പനയ്ക്കായി എത്തുന്നു. ഇത് വിലയിടിവിനും കാരണമാകുന്നു.
കഴിഞ്ഞ ദിവസം സ്പൈസസ് ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ലേലം വിളിച്ചെടുക്കുന്ന വ്യാപാരി ഏഴു ദിവസത്തിനുള്ളില്‍ പണം ഓക്ഷന് കമ്പനികള്‍ക്കും കമ്പനികള്‍ 10 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്കും നല്‍കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഗ്വാട്ടിമാല ഏലം വിതരണകേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം
ഗ്വാട്ടിമാലയില്‍നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഏലക്കായ് ഇന്ത്യന്‍ ലേലകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഏലക്കായ്ക്കൊപ്പം കൂട്ടി കലര്‍ത്തി വില്പന നടത്തുന്നില്ലെന്നു ഉറപ്പു വരുത്തണമെന്നു അംഗീകൃത ലേല കേന്ദ്രങ്ങള്‍ക്ക് സ്പൈസസ് ബോര്‍ഡ് നിര്‍ദേശം നല്കി.
ഗ്വാട്ടിമാല ഏലക്കായ് നേപ്പാളിലേക്ക് എന്നു പറഞ്ഞ് കോല്‍ക്കത്തയില്‍ എത്തിച്ചശേഷം അവിടെനിന്നും കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തിക്കുന്നതായി വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പൈസസ് ബോര്‍ഡ് നടപടി സ്വീകരിച്ചത്.