ലോകത്തിലെ അഞ്ചാമത്തെ വൻ സാന്പത്തിക ശക്തിയായി ഇന്ത്യ
Saturday, September 3, 2022 11:05 PM IST
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സന്പദ്വ്യവസ്ഥയായി ഇന്ത്യ. ഐഎംഎഫിന്റെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്ലുംബർഗ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പതിറ്റാണ്ടുകളായി അഞ്ചാം സ്ഥാനത്തായിരുന്ന ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.
അതിവേഗം വളരുന്ന സാന്പത്തിക ശക്തിയെന്ന വിശേഷണമുള്ള ഇന്ത്യ10 വർഷങ്ങൾക്കു മുന്പ് 11-ാം സ്ഥാനത്തായിരുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യക്ക് 3.5 ലക്ഷം കോടി രൂപയുടെ സന്പദ് വ്യവസ്ഥയും യുകെയ്ക്ക് 3.2 ലക്ഷം കോടി രൂപയുടെ സന്പദ് വ്യവസ്ഥയുമാണുള്ളത്.
നടപ്പ് സാന്പത്തിക വർഷം ഏപ്രിൽ- ജൂൺ ത്രൈമാസത്തിൽ ഇന്ത്യൻ ജിഡിപി മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 13.5 ശതമാനം വളർച്ച കൈവരിച്ചിരുന്നു.
അതേസമയം ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്.
കടുത്ത വിലക്കയറ്റത്തെത്തുടർന്നു പ്രതിസന്ധിയിലായ യുകെ മാസങ്ങളായി സാന്പത്തിക മുരടിപ്പിലാണ്. വിദേശ നാണയ വിനിമയ വിപണിയിലും യുകെ പൗണ്ട് പിന്നോട്ട് പോയിരുന്നു.
‘2029 ൽ മൂന്നാം സ്ഥാനത്തെത്തും’
2029 ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാന്പത്തിക ശക്തിയാകുമെന്ന് എസ്ബിഎെ. 2022- 23 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.7 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും എസ്ബിഎയെുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
“ചൈനയിൽ വിദേശനിക്ഷേപം കുറയുന്ന സാഹചര്യം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. ആഗോള ജിഡിപിയിലെ ഇന്ത്യൻ ജിഡിപി വിഹിതം നിലവിൽ 3.5 ശതമാനമാണ്. 2027 ൽ ഇത് നാലു ശതമാനത്തിൽ കൂടുതലാകും- റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽതന്നെ ഇന്ത്യ ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സന്പദ് വ്യവസ്ഥയായിരുന്നെന്നും എസ്ബിഎെ റിപ്പോർട്ടിലുണ്ട്.