അത്യാധുനിക ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്
Saturday, September 3, 2022 11:05 PM IST
തൃശൂർ: അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള പുതിയ ആഡംബര ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്. 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എഡബ്ല്യൂ 09 ഗ്രാൻഡ് ന്യൂ ഇരട്ട എൻജിൻ കോപ്റ്ററാണ് ജോയ്ആലുക്കാസ് തൃശൂരിലെത്തിച്ചത്.
ആഗോള തലത്തിൽ വ്യവസായികളും ഉന്നത ബിസിനസ് എക്സിക്യൂട്ടീവുകളും സ്വകാര്യ യാത്രകൾക്ക് ഉപയോഗിക്കുന്ന കോപ്റ്ററാണിത്. ഹെലികോപ്റ്ററിന്റെ ആശീർവാദം ഫാ. ബ്രില്ലിസ് നിർവഹിച്ചു. തൃശൂർ മേയർ എം.കെ. വർഗീസ്, ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ്, ജോളി ജോയ്, എൽസ തോമസ് എന്നിവരും ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഇറ്റാലിയൻ കന്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിർമിച്ച കോപ്റ്ററിന് രണ്ടു പൈലറ്റുമാരേയും ഏഴു വരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്. നാലര മണിക്കൂർവരെ നിലത്തിറങ്ങാതെ പറക്കാനുള്ള ശേഷിയുമുണ്ട്.
പറന്നുയരുന്നതു മുതൽ ലാൻഡ് ചെയ്യുന്നതു വരെയുള്ള ഓട്ടോമാറ്റിക് നാവിഗേഷൻ സംവിധാനം, ഡിജിറ്റൽ ഓട്ടോ പൈലറ്റ്, ഇവിഎസ്, കാർഗോ ഹുക്ക് കാമറകൾ, ത്രിമാന മുന്നറിയിപ്പു സംവിധാനമായ സിന്റെറ്റിക് വിഷൻ സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ ഹെലികോപ്റ്ററിനെ വ്യത്യസ്തമാക്കുന്നു.
ജോയ്ആലുക്കാസ് മാനേജ്മെന്റ് ടീമിന് ആവശ്യമായി വരുന്ന ഇന്ത്യയിലുടനീളമുള്ള യാത്രകൾക്കാണ് ഈ കോപ്റ്റർ പ്രധാനമായും ഉപയോഗിക്കുകയെന്ന് ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.