വെടിനിർത്തൽ: നാല് ഇസ്രേലി വനിതാ സൈനികർ മോചിതരായി
Saturday, January 25, 2025 11:50 PM IST
ഗാസ സിറ്റി: ഗാസ വെടിനിർത്തൽ ധാരണ പ്രകാരം നാലു ബന്ദികളെക്കൂടി ഹമാസ് ഭീകരർ വിട്ടയച്ചു. ഇസ്രേലി ജയിലുകളിൽനിന്ന് 200 പലസ്തീൻ തടവുകാരും മോചിതരായി.
കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലേവി, ലിറി അൽബാഗ് എന്നീ നാലു വനിതാ സൈനികരാണ് ഇന്നലെ മോചിതരായത്. ഗാസ സിറ്റിയിൽവച്ച് ഇവരെ റെഡ് ക്രോസിനു കൈമാറുകയായിരുന്നു.
കൈമാറ്റത്തിനു മുന്പായി ഭീകരർ നാലു പേരെയും പ്രത്യേകം തയാറാക്കിയ വേദിയിലേക്കു നയിച്ചു. ആയുധമേന്തിയ ഹമാസ് ഭീകരർക്കു നടുവിൽനിന്ന നാലു സൈനികരും പലസ്തീൻ ജനതയ്ക്കു നേർക്കു പുഞ്ചിരിക്കുകയും കൈ വീശുകയും ചെയ്ത ശേഷമാണ് റെഡ് ക്രോസിന്റെ വാഹനത്തിൽ കയറിയത്.
റെഡ് ക്രോസ് തുടർന്ന് ഇസ്രേലി സേനയ്ക്കു കൈമാറിയ നാലു പേരും ഇസ്രയേലിലെത്തി ബന്ധുക്കളുമായി സന്ധിച്ചു. തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്കു മാറ്റി. വനിതാ സൈനികർ മോചിതരാകുന്ന ദൃശ്യങ്ങൾ ഇസ്രയേലിൽ ആഘോഷനിമിഷങ്ങൾ സൃഷ്ടിച്ചു.
ഗാസയോടു ചേർന്നുള്ള നിരീക്ഷണ പോസ്റ്റിൽ നിയോഗിക്കപ്പെട്ടിരുന്ന വനിതാ സൈനികരെ 2023 സെപ്റ്റംബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇവർക്കൊപ്പം ഒരു സിവിലിയൻ വനിതയെക്കൂടി ഹമാസ് ഇന്നലെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതുണ്ടാകാതിരുന്നത് വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രേലി സേന ആരോപിച്ചു. അതേസമയം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി ഹമാസ് പറഞ്ഞു.
പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ പലസ്തീനികൾക്കു വടക്കൻ ഗാസയിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുദ്ധം മൂലം പലസ്തീന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ വടക്കൻ ഗാസ നിവാസികൾ ഇതോടെ പ്രതിസന്ധിയിലായി.
വെടിനിർത്തൽ ആരംഭിച്ച 19ന് മൂന്നു വനിതാ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇസ്രേലി ജയിലുകളിൽനിന്ന് 90 പലസ്തീൻ തടവുകാരും അന്നു മോചിതരായി.
ഗാസയിൽ ഇനി 90 ബന്ദികൾ കൂടിയുണ്ട്. ഇതിൽ മൂന്നിലൊന്നു മരിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു.