ഇസ്രേലി സേന ലബനനിൽ തുടരുമെന്ന് നെതന്യാഹു
Saturday, January 25, 2025 11:50 PM IST
ടെൽ അവീവ്: ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിൽ നിർദേശിക്കും പ്രകാരം ഇസ്രേലി സേന തെക്കൻ ലബനനിൽനിന്നു പിന്മാറില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
നവംബർ 27ന് ആരംഭിച്ച വെടിനിർത്തൽ ധാരണ പ്രകാരം 60 ദിവസത്തിനകം ഇസ്രേലി സേന തെക്കൻ ലബനനിൽനിന്നു പിൻമാറേണ്ടതാണ്. പ്രാദേശികസമയം ഇന്നലെ പുലർച്ചെ നാലിന് 60 ദിവസം പൂർത്തിയായി.
ഇക്കാലയളവിൽ ഇസ്രേലി അതിർത്തിയോടു ചേർന്ന ലബനീസ് പ്രദേശങ്ങളിൽനിന്നു ഹിസ്ബുള്ള പിൻവാങ്ങി പകരം ലബനനിലെ ഔദ്യോഗിക സേനയെ വിന്യസിക്കണമെന്നും കരാറിലുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണ് ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
വെടിനിർത്തൽ ധാരണ പൂർണമായും നടപ്പാകാത്ത പശ്ചാത്തലത്തിൽ ഇസ്രേലി സേനയുടെ പിന്മാറ്റം ഘട്ടംഘട്ടമായിട്ടായിരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ ധാരണ പ്രകാരമുള്ള സമയത്തിനുള്ളിൽ ഇസ്രേലി സേന പിന്മാറിയില്ലെങ്കിൽ ലബനൻ പ്രതികരിക്കുമെന്ന് ഹിസ്ബുള്ള നേരത്തേ പറഞ്ഞിട്ടുണ്ട്.