ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ‘ദിലെക്സിത്ത് നോസ്’24ന് പ്രസിദ്ധീകരിക്കും
Tuesday, October 22, 2024 12:22 AM IST
വത്തിക്കാൻ: തിരുഹൃദയ ഭക്തിയെ അധികരിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം 24ന് പ്രസിദ്ധീകരിക്കും. ‘ദിലെക്സിത്ത് നോസ്’ ( അവൻ നമ്മെ സ്നേഹിച്ചു) എന്നാണു ചാക്രികലേഖനത്തിന്റെ പേര്.
തിരുഹൃദയഭക്തിയെക്കുറിച്ചുള്ള മാർപാപ്പയുടെ ചിന്തകൾ ക്രോഡീകരിച്ചുകൊണ്ടാണ് ഈ ചാക്രികലേഖനം തയാറാക്കിയിരിക്കുന്നത്. ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിന് അർഥവത്തായ സന്ദേശം നൽകുവാൻ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ ചാക്രിക ലേഖനത്തെക്കുറിച്ച് സൂചിപ്പിച്ച് ജൂൺ അഞ്ചിനു നടന്ന പൊതുകൂടിക്കാഴ്ച്ചാവേളയിൽ മാർപാപ്പ പറഞ്ഞിരുന്നു.
1673ൽ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം ആദ്യമായി പ്രത്യക്ഷമായതിന്റെ 350-ാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്.
1856ൽ പീയൂസ് ഒന്പതാമൻ മാർപാപ്പ യേശുവിന്റെ തിരുഹൃദയ തിരുനാൾ മുഴുവൻ സഭയിലേക്കും വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കുന്നതുവരെ, സഭയ്ക്കുള്ളിൽത്തന്നെ ഈ ഭക്തിയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകൾ ഉയർന്നുവന്നിരുന്നു.
പിന്നീട് 1956ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പയും തിരുഹൃദയ ഭക്തിയെ എടുത്തുപറഞ്ഞുകൊണ്ട് “ഹൌരിയെതിസ് അക്വാസ്”, അഥവാ ‘’നീ ജലം വലിച്ചെടുക്കും’’ എന്നപേരിൽ ഒരു ചാക്രിക ലേഖനം രചിച്ചിരുന്നു.
തിരുഹൃദയ ഭക്തി എപ്പോഴും
ജീവിതത്തിൽ കാത്തുസൂക്ഷിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഈ ചാക്രികലേഖനം ഏറെ പ്രാധാന്യമർഹിക്കുന്നു.