റഷ്യക്കുവേണ്ടി ഉത്തരകൊറിയൻ സൈനികർ യുദ്ധത്തിനിറങ്ങും
Saturday, October 19, 2024 12:53 AM IST
സീയൂൾ: റഷ്യക്കുവേണ്ടി യുക്രെയ്നിൽ യുദ്ധം ചെയ്യാൻ ഉത്തരകൊറിയ 12,000 സൈനികരെ നല്കുമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നല്കി. ഇന്നലെ ദക്ഷിണകൊറിയയിൽ ചേർന്ന സുരക്ഷാ അവലോകനയോഗത്തിൽ ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് ഇക്കാര്യം വിശദീകരിച്ചു.
നേരത്തേ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും യുക്രെയ്നിലെ മിലിട്ടറി ഇന്റലിജൻസും ഇക്കാര്യത്തെക്കുറിച്ചു സൂചന നല്കിയിരുന്നു. പതിനായിരം ഉത്തരകൊറിയൻ പട്ടാളക്കാർ റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങുമെന്നാണു സെലൻസ്കി പറഞ്ഞത്. ഉത്തരകൊറിയൻ സൈനികർക്കുവേണ്ടി റഷ്യ പ്രത്യേക യൂണിറ്റ് ആരംഭിക്കുന്നതായി യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസും അറിയിക്കുകയുണ്ടായി.
1500 ഉത്തരകൊറിയൻ സൈനികർ റഷ്യയിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുണ്ട്. ഉത്തരകൊറിയൻ അതിർത്തിയോടു ചേർന്ന റഷ്യൻ നഗരമായ വ്ലാഡിവോസ്റ്റോക്കിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. അതേസമയം, ഉത്തരകൊറിയൻ സൈനികർക്കു യുദ്ധപരിചയമില്ലാത്തത് റഷ്യക്കു തലവേദനയാണ്.
ഉത്തരകൊറിയൻ സൈനികരെ യുദ്ധമുന്നണിയിൽ ഇറക്കുന്നതിനു പകരം യുക്രെയ്ൻ അതിർത്തിയിൽ വിന്യസിക്കാനായിരിക്കും റഷ്യ ശ്രമിക്കുക. ഇതോടെ അതിർത്തിയിലെ റഷ്യൻ സൈനികരെ യുദ്ധമുന്നണിയിലെത്തിക്കാനാകും.
റഷ്യയും ഉത്തരകൊറിയയും തമ്മിൽ സൈനിക സഹകരണം വർധിക്കുന്നതിൽ പാശ്ചാത്യ ശക്തികൾക്കു കടുത്ത ആശങ്കയുണ്ട്. നിലവിൽ യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാനായി ഉത്തരകൊറിയ റഷ്യക്ക് ആയുധങ്ങൾ നല്കുന്നുണ്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയയും സന്ദർശിച്ചിരുന്നു.
ആക്രമണം നേരിടുന്ന ഘട്ടങ്ങളിൽ റഷ്യയും ഉത്തരകൊറിയയും പരസ്പരം സഹായിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം പുടിൻ ഏതാനും ദിവസം മുന്പ് അവതരിപ്പിക്കുകയുണ്ടായി.
ഉത്തരകൊറിയ റഷ്യയിലേക്കു സൈന്യത്തെ അയയ്ക്കുന്നത് കടുത്ത സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞു. പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടാനാണ് ദക്ഷിണകൊറിയ ഉദ്ദേശിക്കുന്നത്.