യഹ്യ സിൻവറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
Saturday, October 19, 2024 2:03 AM IST
കയ്റോ: യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. സിൻവറിന്റെ മരണം സംഘടനയെ ശക്തിപ്പെടുത്തുമെന്നു ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പലസ്തീൻ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടം ഹമാസ് തുടരും. ഗാസയിൽനിന്ന് ഇസ്രേലി സേന പൂർണമായി പിന്മാറാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഖലീൽ അൽ ഹയ്യ കൂട്ടിച്ചേർത്തു.
സിൻവർ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. സിൻവറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും അരാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. പലസ്തീനിലും മറ്റിടങ്ങളിലുമുള്ള വിമോചന മുന്നേറ്റത്തിനു പ്രചോദനമായിരിക്കും ഇതെന്നു പറഞ്ഞാണു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്രതീക്ഷിതമായി ഇസ്രേലി സേനയ്ക്കു മുന്നിൽ പെട്ടതാണ് ഹമാസ് തലവൻ യഹ്യ സിൻവറിന്റെ (61) അന്ത്യത്തിലേക്കു നയിച്ചത്. ഏറ്റുമുട്ടുന്നത് സിൻവറിനോട് ആണെന്ന കാര്യം ഇസ്രേലി സേനയ്ക്ക് അറിയില്ലായിരുന്നു.
മുറിച്ചെടുത്ത വിരൽഭാഗം ഇസ്രയേലിലെത്തിച്ച് ഡിഎൻഎ പരിശോധന അടക്കം നടത്തിയശേഷമാണു സിൻവർ വധിക്കപ്പെട്ടുവെന്ന സ്ഥിരീകരണമുണ്ടാകുന്നത്. സിൻവറിന്റെ മൃതദേഹത്തിൽനിന്ന് 40,000 ഷെക്കൽ ഇസ്രേലി സേന കണ്ടെടുത്തു.