ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിച്ചു
Sunday, October 20, 2024 1:00 AM IST
വത്തിക്കാൻ: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിക്കുകയാണെന്ന് വത്തിക്കാൻ റിപ്പോർട്ട്. യൂറോപ്പിൽ കത്തോലിക്കരുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ടിലുണ്ട്. യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിച്ചു.
ആഫ്രിക്കയിലാണ് ഏറ്റവും വലിയ വർധന. 2022ൽ ആഫ്രിക്കയിലെ കത്തോലിക്കാജനസംഖ്യ 272.4 ദശലക്ഷമായിരുന്നെങ്കിൽ ഇപ്പോഴത് 7.3 ദശലക്ഷം കണ്ട് വർധിച്ചിട്ടുണ്ട്. യൂറോപ്പിലാകമാനം തുടരുന്ന ജനനനിരക്കിലെ കുറവാണു കത്തോലിക്കാ ജനസംഖ്യയിലെ കുറവിനു പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2022ൽ യൂറോപ്പിലെ ജനസംഖ്യയിൽ 39.5 ശതമാനവും കത്തോലിക്കരായിരുന്നുവെങ്കിൽ ഇപ്പോഴത് 0.08 ശതമാനം കണ്ട് കുറഞ്ഞു. ലോകജനസംഖ്യയിൽ 17.7 ശതമാനമാണു കത്തോലിക്കർ. മുൻ വർഷത്തെ അപേക്ഷിച്ച് 0.03 ശതമാനം വളർച്ച നേടി.
നോർത്ത്, സൗത്ത് അമേരിക്കയിലെ കത്തോലിക്കാ ജനസംഖ്യ രണ്ടു വർഷത്തിനുള്ളിൽ 5.8 ദശലക്ഷം കണ്ട് വർധിച്ചു. ഏഷ്യയിലെ കത്തോലിക്കാ ജനസംഖ്യയിലും വർധനയുണ്ടായി. രണ്ടു വർഷത്തിനുള്ളിൽ 889,00 ആണു വർധന. ഓഷ്യാനിയയിൽ 123,000 വർധനയുണ്ടായി.
തുടർച്ചയായ അഞ്ചാം വർഷവും കത്തോലിക്കാ വൈദികരുടെ എണ്ണം ആഗോളതലത്തിൽ കുറയുകയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ആഗോളതലത്തിൽ 15,682 വിശ്വാസികൾക്ക് ഒരു വൈദികനാണുള്ളത്. യൂറോപ്പിലാണ് വൈദികരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.
എന്നാൽ, ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തിൽ വർധനയുണ്ടായി. ആഫ്രിക്കയിലും ഓഷ്യാനിയയിലും വൈദികാർഥികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. സന്യാസിനികളുടെ എണ്ണത്തിലും ആഗോളതലത്തിൽ വലിയ കുറവാണുള്ളത്. എന്നാൽ, ആഫ്രിക്കയിൽ വലിയതോതിലും ഏഷ്യയിൽ ചെറിയതോതിലും വർധനയുണ്ട്.