ഓതിരം, കടകം, മറുകടകം -കമല ഹാരിസ്
Sunday, September 1, 2024 12:24 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
എന്താണ് നിങ്ങളുടെ രാഷ്ട്രീയസ്വത്വം? ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ശേഷം കമല ഹാരിസ് നല്കിയ ആദ്യത്തെ അഭിമുഖത്തില്‍ സിഎന്‍എന്‍ ഉന്നയിച്ച ഒരു ചോദ്യം ഇതായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ഉന്നയിക്കുന്ന അതേ ചോദ്യം. അതില്‍നിന്ന് ഒഴിഞ്ഞുമാറി അവര്‍ പറഞ്ഞു- അടുത്ത ചോദ്യം പ്ലീസ്...
ഓതിരം, കടകം, മറുകടകം എന്ന മട്ടിലായിരുന്നു കമല ഹാരിസിന്റെ മറുപടികള്‍!
അമ്മ ഇന്ത്യക്കാരിയും അപ്പന് ജമൈക്കക്കാരനും എന്ന പശ്ചാത്തലമുള്ള കമല ഹാരിസ് അടുത്ത കാലത്താണ് കറുത്ത വംശജയാണെന്ന് പ്രചരിപ്പിക്കുന്നത് എന്നാണ് ട്രംപിന്റെ ഭാഷ്യം. അമേരിക്കയില്‍ 14 ശതമാനത്തോളം വരുന്ന കറുത്ത വര്‍ഗക്കാരുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണിത്.
ഇന്ത്യക്കാര്‍ കഷ്ടിച്ച് ഒന്നര ശതമാനം മാത്രമുള്ളപ്പോള്‍ അങ്ങനെ പ്രചരിപ്പിക്കുന്നതില്‍ അര്‍ഥമില്ല. കറുത്ത വര്‍ഗക്കാരുടെ ഊറ്റമായ പിന്തുണ നേടാന്‍ കമല ഹാരിസിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. അത് അമിതമാക്കി അമേരിക്കയില്‍ 60 ശതമാനം വരുന്ന വെള്ളക്കാരെ അകറ്റാതിരിക്കുക എന്നതാണ് രാഷ്ടീയ പക്വത. അതാണ് കമല അഭിമുഖത്തില്‍ പ്രകടിപ്പിച്ചത്.
പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമല ഹാരിസ് ആദ്യത്തെ അഭിമുഖം സിഎന്‍എന്‍ ചാനലിനു നല്‍കിയത്. 60 ലക്ഷം പേരാണ് അഭിമുഖം കണ്ടത്.
ഫോക്സ് ന്യൂസില്‍ ട്രംപിന്റെ അഭിമുഖം കണ്ടത് 42 ലക്ഷം പേര്. മീഡിയയെ നേരിടാന്‍ പൊതുവെ മടിയുള്ള കമല ഇത്തവണ അബദ്ധങ്ങളിലൊന്നും ചാടിയില്ലെന്നു മാത്രമല്ല, മികച്ച പ്രകടനം കാഴ്ചവച്ചെന്നും മീഡിയ പൊതുവെ വിലയിരുത്തി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മിനസോട്ട ഗവര്‍ണറുമായ ടിം വാള്സിനോടൊപ്പമാണ് അഭിമുഖത്തിനിരുന്നത്. കമല ഊന്നുവടിയായി കൊണ്ടുവന്നതാണ് വാള്സിനെയെന്ന് റിപ്പബ്ലിക്കന്‍സ് കളിയാക്കുന്നുണ്ട്.
2021ല്‍ കമല ഹാരിസ് എന്‍ബിസി ചാനലിനു നല്കിയ അഭിമുഖത്തില്‍ അബദ്ധത്തില്‍ ചാടിയിരുന്നു. കുടിയേറ്റവിഷയം കത്തിനിന്ന സമയത്ത്, അതേക്കുറിച്ച് വിലയിരുത്താന്‍ എന്നാണ് അമേരിക്കന്‍- മെക്സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്, ഞാന്‍ യൂറോപ്പില്‍ പോകാറില്ല എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞത് വന്‍ വിവാദമായി. കമല ഒട്ടും സീരിയസല്ല എന്നായിരുന്നു പ്രചാരണം.
നാണ്യപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടായി എന്നു സമ്മതിച്ച കമല, തൊഴിലില്ലായ്മ പരിഹരിക്കാന്‍ എടുത്ത നടപടികള്‍ വിശദീകരിച്ചു. ഇസ്രയേലിനു സ്വയം പ്രതിരോധിക്കാന്‍ അവകാശമുള്ളപ്പോള്‍ പലസ്തീനിലെ സംഘര്‍ഷം എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നു വ്യക്തമാക്കി.
നിര്‍ണായക സംസ്ഥാനമായ പെന്‍സില്‍വേനിയയില്‍ വിവാദ വിഷയമായ ഭൂഗര്‍ഭ വാതക ഖനനത്തിനും കുടിയേറ്റ നിയന്ത്രണത്തിനും അനുകൂലമായി നിലപാടു മാറ്റിയത് വോട്ടുബാങ്ക് ലക്ഷ്യമിട്ടു തന്നെ.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ആഗോളപോരാട്ടത്തില്‍ അമേരിക്ക കൈകോര്ക്കുമെന്നുമുള്ള കമല ഹാരിസിന്റെ നിലപാട് പരിസ്ഥിതി സ്നേഹികള്‍ക്ക് ആവേശം പകരുന്നതാണ്.
ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണം എന്ന കമലയുടെ നിലപാടിന് സ്ത്രീകളുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതിനാല്‍ ട്രംപ് ഗര്ഭച്ഛിദ്രമേ പാടില്ല എന്ന നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്.