പാക്കിസ്ഥാനിൽ ഹിന്ദു യുവാക്കളെ തട്ടിക്കൊണ്ടുപോയി
Friday, January 10, 2025 12:22 AM IST
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അക്രമികൾ മൂന്നു ഹിന്ദു യുവാക്കളെ തട്ടിക്കൊണ്ടുപോയി. പോലീസ് കസ്റ്റഡിയിലെടുത്ത തങ്ങളുടെ കൂട്ടാളികളെ വിട്ടയയ്ക്കണമെന്നും അതല്ലെങ്കിൽ യുവാക്കളെ കൊല്ലുമെന്നും അക്രമികൾ ഭീഷണിമുഴക്കി. പഞ്ചാബ് പ്രവിശ്യയിലെ റഹിം യാർ ഖാൻ ജില്ലയിലെ ഭോംഗിൽ ബുധനാഴ്ചയായിരുന്നു സംഭവം.
പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുനിന്നു യുവാക്കളെ അഞ്ചംഗ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഗുണ്ടാത്തലവൻ പിന്നീട് പോലീസിനു ഭീഷണി സന്ദേശമയച്ചു. തന്റെ കുടുംബാംഗങ്ങളായ 10 പേരെ ഉടൻ വിട്ടയയ്ക്കണമെന്നായിരുന്നു ആവശ്യം.
വിട്ടയച്ചില്ലെങ്കിൽ ഹിന്ദുയുവാക്കളെ കൊലപ്പെടുത്തുമെന്നും പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണിമുഴക്കി.
ചങ്ങലകളിൽ ബന്ധനസ്ഥരായ യുവാക്കൾ തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്.
കഴിഞ്ഞ വർഷം റഹിം യാർ ഖാൻ ജില്ലയിലെ കച്ച മേഖലയിൽ രണ്ട് പോലീസ് വാഹനങ്ങൾക്ക് നേരേ കൊള്ളസംഘം നടത്തിയ ആക്രമണത്തിൽ 12 പോലീസുകാർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.