ബ്രസീലിൽ എക്സ് നിരോധിച്ചു
Sunday, September 1, 2024 12:24 AM IST
ബ്രസീലിയ: ബ്രസീലിൽ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിരോധിച്ചു. സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊറേസിന്റെ ഉത്തരവുകൾ അനുസരിക്കില്ലെന്ന് എക്സ് തീരുമാനിച്ചതിനെത്തുടർന്നാണിത്.
എക്സിന് ബ്രസീലിൽ പുതിയ നിയമപ്രതിനിധിയെ നിയമിക്കണമെന്നും മുന്പത്തെ ഉത്തരവുകൾ ലംഘിച്ചതിന് പിഴ അടയ്ക്കണമെന്നും ജഡ്ജി നിർദേശിച്ചിരുന്നു. എക്സും ജഡ്ജി മൊറേസും തമ്മിൽ ഏപ്രിലിൽ ആരംഭിച്ച വടംവലിയുടെ പരിസമാപ്തിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ എക്സിൽനിന്ന് നീക്കം ചെയ്യണമെന്ന് ജഡ്ജി മൊറേസ് ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും ബ്രസീലിലെ മുൻ പ്രസിഡന്റും വലതുപക്ഷ നേതാവുമായ ജയിർ ബോൾസൊനാരോയുടെ അനുയായികളുടേതായിരുന്നു. എക്സ് മേധാവി ഇലോൺ മക്സ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ജഡ്ജിയുടെ ആവശ്യം നിരാകരിച്ചു.
നീക്കം ചെയ്യാത്ത ഒരോ അക്കൗണ്ടിനും പിഴ വിധിച്ചാണ് ജഡ്ജി തിരിച്ചടിച്ചത്. എക്സിന്റെ ബ്രസീലിയൻ പ്രതിനിധി അറസ്റ്റിലാവുമെന്ന മുന്നറിയിപ്പും നല്കി. ഇതേത്തുടർന്ന് ഈ മാസമാദ്യം എക്സ് ബ്രസീലിലെ ഓഫീസ് പൂട്ടിയിരുന്നു.
എക്സിന് ബ്രസീലിൽ പുതിയ നിയമപ്രതിനിധിയെ നിയമിക്കുകയും നിയമലംഘനത്തിനു പിഴ ഒടുക്കുകയും ചെയ്യുന്നതുവരെ നിരോധനം ബാധകമായിരിക്കുമെന്നാണ് ജഡ്ജിയുടെ ഇപ്പോഴത്തെ ഉത്തരവ്.
ആപ്പ് സ്റ്റോറുകളിൽനിന്ന് എക്സ് നീക്കംചെയ്യുന്നതിന് ആപ്പിൾ, ഗൂഗിൾ കന്പനികൾക്ക് ജഡ്ജി അഞ്ചു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിപിഎൻ ഉപയോഗിച്ച് എക്സ് ഉപയോഗിക്കാൻ ശ്രമിക്കുന്ന ബ്രസീലിയൻ പൗരന്മാർ പിഴ ഒടുക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
ഇതിനിടെ, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് കന്പനിയുടെ ബ്രസീലിലെ ബാങ്ക് അക്കൗണ്ടുകളും സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരവിപ്പിച്ചു. എക്സിനോടുള്ള പ്രതികാരം തങ്ങളോട് തീർക്കരുതെന്നാണ് സ്റ്റാർലിങ്ക് പ്രതികരിച്ചത്.
എക്സിനെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ പേരിൽ ഇലോൺ മസ്ക് നേരത്തേ യൂറോപ്യൻ യൂണിയനിലെയും ബ്രിട്ടനിലെയും നേതൃത്വവുമായി വാക്പോരിലേർപ്പെട്ടിട്ടുണ്ട്.