വരൾച്ചയും ഭക്ഷ്യക്ഷാമവും; വന്യമൃഗങ്ങളെ കൊന്ന് മാംസം ജനത്തിനു നൽകാൻ നമീബിയ
Saturday, August 31, 2024 3:49 AM IST
വിൻഡ്ഹോക്ക്: വന്യമൃഗങ്ങളെ കൊന്ന് രാജ്യത്തെ ജനത്തിനു മാംസം വിതരണം ചെയ്യാൻ തെക്കുപടിഞ്ഞാറൻ ആഫിക്കൻ രാജ്യമായ നമീബിയ തീരുമാനിച്ചു. നൂറു വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാകുന്നതിനിടെയാണു സർക്കാർ തീരുമാനം.
താത്കാലികമായി 83 ആനകൾ, 30 ഹിപ്പോകൾ, 60 കാട്ടുപോത്തുകൾ, 50 ഇംപാലകൾ, 100 ബ്ലൂ വൈൽഡ് ബീസ്റ്റ്, 300 സീബ്രകൾ എന്നിവയെയാണു കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയം അറിയിച്ചു.
വനമേഖലകളിൽനിന്ന് പ്രഫഷണൽ വേട്ടക്കാരെ ഉപയോഗിച്ചായിരിക്കും മൃഗങ്ങളെ വേട്ടയാടുക. വരൾച്ചാദുരിതാശ്വാസ സമിതികൾ മുഖേനയാണു മാംസം രാജ്യത്തെ ദരിദ്രജനവിഭാഗത്തിനു വിതരണം ചെയ്യുകയെന്നും വരൾച്ചയുടെ ആഘാതം ലഘൂകരിക്കാൻ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
വരൾച്ചയുടെ ആഘാതം രൂക്ഷമായതോടെ നമീബിയയിൽ മേയ് മാസത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വരൾച്ചയെത്തുടർന്ന് ഏകദേശം 1.4 ദശലക്ഷം ജനങ്ങൾ (ജനസംഖ്യയുടെ പകുതിയോളം) കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നാണു കണക്ക്.
വന്യമൃഗങ്ങളുടെ എണ്ണം പെരുകിയതിനാൽ കുടിവെള്ളവും ഭക്ഷണവും തേടി മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലെത്തി കൃഷിനാശമുണ്ടാക്കുന്നതിനാലും മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്നതിനാലു മാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നു മന്ത്രാലയം അറിയിച്ചു.
കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ വിധത്തിലെങ്കിലും ജനത്തെ സഹായിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വേട്ടയാടാനായി പ്രശ്നകാരികളായ 83 കാട്ടാനകളെ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് അതിരൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണു നമീബിയ.
ഹെക്ടർകണക്കിനു കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതിനാൽ ഭക്ഷ്യവസ്തുക്കളില്ലാതെ രാജ്യം വലയുകയാണ്. പുറത്തുനിന്ന് ഇറക്കുമതി ചെയ്യാനാകട്ടെ രാജ്യത്തെ സാന്പത്തിക പരാധീനത തടസവുമാകുന്നു.