ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് അധികാരമേറ്റു
Friday, August 9, 2024 2:20 AM IST
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡൻഷൽ പാലസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലക്കൊടുത്തു.
പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീന രാജിവച്ച് നാടുവിട്ടതിനെത്തുടർന്നാണ് മുഹമ്മദ് യൂനുസിനെ (84) ഇടക്കാല സർക്കാരിന്റെ തലവനായി നിയമിച്ചത്.
2006ലെ സാന്പത്തിക നൊബേൽ പുരസ്കാര ജേതാവാണ് മുഹമ്മദ് യൂനുസ്. 16 അംഗ ഉപദേശക സമിതിയെയും ഇന്നലെ നിയമിച്ചു. വിദ്യാർഥി പ്രക്ഷോഭനേതാക്കളെ മുഹമ്മദ് നാഹിദ് ഇസ്ലാം, ആസിഫ് മുഹമ്മദ്, വനിതാവകാശ പ്രവർത്തക ഫാരിദ അഖ്തർ, വലതു പക്ഷ പാർട്ടി ഹെഫാസത്-ഇ-ഇസ്ലാം ഡെപ്യൂട്ടി നേതാവ് എ.എഫ്.എം ഖാലിദ് ഹുസൈൻ, ഗ്രാമീൺ ടെലികോം ട്രസ്റ്റി നൂർജഹാൻ ബീഗം, സ്വാതന്ത്ര്യസമര സേനാനി ഷർമീൻ മുർഷിദ്, ചിറ്റഗോംഗ് ഹിൽ ട്രാക്ട്സ് ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ സുപ്രദീപ് ചക്മ, പ്രഫ. ബിധാൻ രഞ്ജൻ റോയി, മുൻ വിദേശകാര്യ സെക്രട്ടറി തൗഹിദ് ഹുസൈൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഉപദേശക സമിതിയിലുള്ളത്.
പ്രധാനമന്ത്രി പദവിക്കു തുല്യമായ മുഖ്യ ഉപദേഷ്ടാവ് പദവിയാണു മുഹമ്മദ് യൂനുസിനുള്ളത്. പാരീലിലായിരുന്ന ഇദ്ദേഹം ഇന്നലെയാണു ധാക്കയിലെത്തിയത്.