ബംഗ്ലാദേശിനു രണ്ടാം സ്വാതന്ത്ര്യം; ക്രമസമാധാനം വീണ്ടെടുക്കും: യൂനുസ്
Friday, August 9, 2024 1:17 AM IST
ധാക്ക: ബംഗ്ലാദേശിനു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന പ്രഫ. മുഹമ്മദ് യൂനുസ്. ക്രമസാമാധാനം പുനഃസ്ഥാപിക്കുന്നതിലായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും രാഷ്ട്രപുനർനിർമാണത്തിനു വിദ്യാർഥികൾ സഹകരിക്കണമെന്നും പാരീസിൽനിന്ന് ഇന്നലെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 2.10ന് ധാക്കയിലെ ഹസ്രത് ഷാജലാൽ വിമാനത്താവളത്തിലിറങ്ങിയ യൂനുസിനെ സൈനിക മേധാവി വകീർ ഉസ് സമാനും മുതിർന്ന ഉദ്യോഗസ്ഥരും വിദ്യാർഥി നേതാക്കളും ചേർന്നു സ്വീകരിച്ചു. ഷേഖ് ഹസീനയ്ക്കെതിരേ വിജയകരമായി പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
“ബംഗ്ലാദേശിനു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഈ സ്വാതന്ത്ര്യം സംരക്ഷിക്കണം. അരാജകത്വവും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും അവസാനിപ്പിച്ച് ക്രമസമാധാനനില വീണ്ടെടുക്കുന്നതിലായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണന. അക്രമസംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിനു ബാധ്യതയുണ്ട്.
രാജ്യം നിങ്ങളുടെ കരങ്ങളിലാണ്. നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് രാജ്യത്തെ പുനർനിർമിക്കണം ”- വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രഫ. യൂനുസ് പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ നിലവിൽ വരുന്നതുവരെയാണു യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണം നടത്തുക. സർക്കാരിന്റെ മുഖ്യഉപദേശകൻ എന്ന പദവിയാണു യൂനുസിനു നല്കിയിരിക്കുന്നതെങ്കിലും പ്രധാനമന്ത്രിപദത്തിനു തുല്യമാണിത്. ഇടക്കാല സർക്കാരിൽ 15 അംഗങ്ങളുണ്ടാകുമെന്നാണു സൈനിക മേധാവി സൂചിപ്പിച്ചത്.
സാന്പത്തിക വിദഗ്ധനായ പ്രഫ. യൂനുസ് പാവങ്ങളുടെ ബാങ്കർ എന്നാണറിയപ്പെടുന്നത്. മൈക്രോഫിനാൻസിനു തുടക്കം കുറിച്ച് ലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു മുക്തനാക്കിയ യൂനുസിനും അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്കിനും 2006ൽ സമാധാന നൊബേൽ ലഭിച്ചു. ഷേഖ് ഹസീന ഭരണകൂടം യൂനുസിനെ ശത്രുവായിക്കണ്ട് കേസുകളെടുത്തിരുന്നു.