വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ സാന്നിധ്യമുറപ്പ്
Thursday, August 8, 2024 12:39 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ ഇത്തവണ ഇന്ത്യന്‍ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ്. ഒന്നുകില്‍ അമേരിക്കന്‍ പ്രസിഡന്റ് അല്ലെങ്കില്‍ സെക്കന്‍ഡ് ലേഡി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നു മാസം മാത്രം ബാക്കിനൽക്കേ ഇന്ത്യക്കാര്‍ക്ക് അഭിമാനകരമായ ചിത്രമാണ് തെളിയുന്നത്.
നിലവിലുള്ള അമേരിക്കന്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. അതേസമയം, റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുത്ത സെനറ്റര്‍ ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ ചിലുകുരിക്ക് ആന്ധ്രയില്‍ വേരുകളുണ്ട്. ഇവരുടെ അച്ഛന് ആന്ധ്രാപ്രദേശില്‍നിന്ന് അമേരിക്കയില്‍ ഉപരിപഠനത്തിന് എത്തിയതായിരുന്നു.
ആന്ധ്രയിലെ വഡ്ലൂരിലുള്ള ഇവരുടെ കുടുംബ സ്ഥലത്തുള്ള ക്ഷേത്രത്തില്‍ വാന്‍സിന്റെ വിജയത്തിനായി പ്രാര്‍ഥന നടക്കുന്നു. റിപ്പബ്ലിക്കന്‍സ് ജയിച്ചാല്‍ ഉഷ രണ്ടാം വനിതയായി വൈസ് പ്രസിഡന്റിന്റെ ആസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ നേവല്‍ ഒബ്സര്വേറ്ററിയിലെത്തും.
കമല ഹാരിസ് 2020ല്‍ ജയിച്ചപ്പോള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ ആദ്യത്തെ ഇന്ത്യന്‍ വംശജ, ആദ്യത്തെ കറുത്ത വര്‍ഗക്കാരി, ആദ്യത്തെ വനിത തുടങ്ങിയ റിക്കാര്‍ഡുകള്‍ സ്വന്തമാക്കി. ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലിയിലും ഈ റിക്കാര്‍ഡുകളെല്ലാം കമലയ്ക്ക് സ്വന്തം.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ട്രംപിനെതിരേ ഇത്തവണ ഉശിരന്‍ പോരാട്ടം നടത്തിയ സിക്ക് വംശജയായ നിക്കി ഹേലിയും മറ്റൊരു സ്ഥാനാര്‍ഥി പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമിയും ഇന്ത്യക്കാരുടെ അഭിമാനപാത്രങ്ങളാണ്. യുഎസ് കോണ്‍ഗ്രസില്‍ അഞ്ച് ഇന്ത്യന്‍ വംശജരുണ്ട്. വിവിധ ജനപ്രതിനിധി സഭകളില്‍ നാല്പതിലധികം ഇന്ത്യന്‍ വംശജരായ അംഗങ്ങളും.
പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള രാജ്യമാണ് അമേരിക്ക. യുഎസ് സെന്‍സസ് ബോര്‍ഡിന്റെ കണക്കുപ്രകാരം 44 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. അവസരങ്ങളുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കയിലേക്ക് 1960-കളിൽ കുടിയേറ്റം ആരംഭിച്ചതാണ്. ഐടിയില്‍ ഇന്ത്യക്കാരുടെ ആധിപത്യം തന്നെയുണ്ട്.
നല്ല വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയില്‍ സ്വന്തമായ ഇടമുണ്ട്. ജനാധിപത്യബോധവും രാഷ്ട്രീയബോധ്യങ്ങളുമുള്ള മാതൃരാജ്യത്തിന്റെ പാരമ്പര്യമാണ് ഇന്ത്യക്കാരെ അമേരിക്കയിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയത്. മത്സരരംഗത്തെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ആവേശം പകരുന്നു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ദീപികയ്ക്കുവേണ്ടി പി.ടി. ചാക്കോയും
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ദീപികയ്ക്കുവേണ്ടി പി.ടി. ചാക്കോ വാഷിംഗ്ടണിൽനിന്നു റിപ്പോർട്ട് ചെയ്യും. ഒന്നര പതിറ്റാണ്ട് ദീപിക പത്രാധിപസമിതി അംഗമായിരുന്ന ചാക്കോ ഇക്കാലയളവിൽ ബിർള ഫൗണ്ടേഷൻ ഫെല്ലോഷിപ്, യൂണിയൻ കാത്തലിക് പ്രസ് ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ പത്ത് അവാർഡുകൾ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി 15 വർഷം പ്രവർത്തിച്ചിട്ടുമുണ്ട്.