യഹ്യ സിൻവർ ഹമാസ് മേധാവി
Thursday, August 8, 2024 12:39 AM IST
ദോഹ: ഹമാസിന്റെ പരമോന്നത നേതാവായി യഹ്യ സിൻവർ തെരഞ്ഞെടുക്കപ്പെട്ടു. മുൻ നേതാവ് ഇസ്മയിൽ ഹനിയ കഴിഞ്ഞയാഴ്ച ടെഹ്റാനിൽ വധിക്കപ്പെട്ടിരുന്നു.
2017മുതൽ ഹമാസിന്റെ ഗാസയിലെ നേതാവായ സിൻവർ അതിതീവ്ര നിലപാടുകാരനാണ്. ഖത്തറിൽ ചേർന്ന ഹമാസ് നേതാക്കളുടെ യോഗത്തിൽ സിൻവർ ഐകകണ്ഠേ്യന തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് അറിയിപ്പ്.
ഇസ്രയേൽ വധിച്ച ഹനിയ പ്രായോഗികവാദി ആയിരുന്നെന്നും ഇനി സിൻവറിനെയും സൈനിക നേതൃത്വത്തെയും ഇസ്രയേലിനു നേരിടേണ്ടിവരുമെന്നും ഹമാസ് നേതാക്കൾ പറഞ്ഞു.
ഒക്ടോബറിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവർ ഇസ്രയേലിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഒന്നാമതാണ്.
ഹനിയയ്ക്കു പകരം സിൻവറിനെ നിയമിച്ചതുതന്നെ ഹമാസിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനുള്ള കാരണമാണെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച തീവ്രവാദിയാണ് സിൻവറെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരിയും പറഞ്ഞു.
ഒക്ടോബർ ഭീകരാക്രമണത്തിനുശേഷം സിൻവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഗാസയിലെ തുരങ്കങ്ങളിൽ ഒളിച്ചുകഴിയുന്നതായി കരുതുന്നു. ഗാസയിലെ ഖാൻ യൂനിസിലാണ് സിൻവർ ജനിച്ചത്. ജീവിതത്തിന്റെ നല്ലൊരുഭാഗവും ഇസ്രേലി ജയിലുകളിലാണു കഴിഞ്ഞത്.