ഹമാസ് ഭീകരാക്രമണത്തിൽ പങ്ക്: യുഎൻ ജീവനക്കാരെ പുറത്താക്കി
Wednesday, August 7, 2024 1:10 AM IST
ന്യൂയോർക്ക്: ഹമാസ് ഭീകരർ ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ഒന്പത് ഐക്യരാഷ്ട്രസഭാ ജീവനക്കാരെ പിരിച്ചുവിട്ടു. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ഇസ്രേലി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയാണ് ഒന്പതു ജോലിക്കാരെ പുറത്താക്കിയതെന്ന് യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു. ആക്രമണത്തിൽ ഇവരുടെ പങ്കാളിത്തം എന്താണെന്നു വക്താവ് വിശദീകരിച്ചില്ല.
ആക്രമണത്തിലെ പങ്ക് പലസ്തീൻ ജനതയ്ക്കായുള്ള സേവനത്തെ വഞ്ചിക്കുന്നതിനു തുല്യമാണെന്നു കൂട്ടിച്ചേർത്തു. 12 യുഎൻ ജീവനക്കാർക്ക് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നാണ് ഇസ്രയേൽ ആരോപിച്ചത്. 19 ജീവനക്കാർക്കെതിരേ യുഎൻ അന്വേഷണം നടത്തി.
യുഎൻആർഡബ്ല്യുഎയിലെ 450 ജീവനക്കാർക്ക് തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇസ്രയേൽ പിന്നീട് ആരോപിച്ചിരുന്നു. എന്നാൽ ഇതു സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഇസ്രയേലിനു കഴിഞ്ഞില്ലെന്ന് ഏപ്രിലിൽ യുഎൻ അറിയിച്ചു.
ഇസ്രേലി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും യുഎൻ ഏജൻസിക്കു ധനസഹായം നല്കുന്നത് നിർത്തിയിരുന്നു.