ഭീകരാക്രമണം; ഇസ്രേലി ദന്പതികൾ കൊല്ലപ്പെട്ടു
Monday, August 5, 2024 12:56 AM IST
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ പലസ്തീൻകാരൻ നടത്തിയ ഭീകരാക്രമണത്തിൽ ദന്പതികൾ കുത്തേറ്റു മരിച്ചു. നഗരത്തിന്റെ തെക്കൻ പ്രാന്തത്തിലുള്ള ഹൊലോണിൽ മൂന്നിടങ്ങളിലാണു കത്തിക്കുത്തുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ 66 വയസുള്ള ഭാര്യയും എഴുപതിനു മുകളിൽ പ്രായമുള്ള ഭർത്താവും വൈകാതെ മരിച്ചു. 68ഉം 26ഉം പ്രായമുള്ള മറ്റു രണ്ടു പേർക്കുകൂടി കുത്തേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.
അധിനിവേശ വെസ്റ്റ്ബാങ്ക് സ്വദേശിയാണ് ആക്രമണം നടത്തിയത്. പോലീസിന്റെ വെടിയേറ്റുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.