കമലയുടെ സ്ഥാനാർഥിത്വത്തിന് ഔദ്യോഗിക അംഗീകാരം
Sunday, August 4, 2024 1:34 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഔദ്യോഗികമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയിൽ വ്യാഴാഴ്ച ആരംഭിച്ച ഓൺലൈൻ വോട്ടെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിനു വേണ്ട 2,350 വോട്ടുകൾ കമലയ്ക്കു ലഭിച്ചു.
തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്പോഴേക്കും വോട്ടവകാശമുള്ള 39,23 പാർട്ടി പ്രതിനിധികളിൽ 99 ശതമാനത്തിന്റെയും വോട്ട് കമലയ്ക്കു ലഭിക്കുമെന്നാണ് റിപ്പോർട്ട്.
പ്രമുഖ പാർട്ടിയിൽനിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജ, ആദ്യ തെക്കനേഷ്യൻ വംശജ തുടങ്ങിയ പ്രത്യേകതകൾ കമലയ്ക്കുണ്ട്. ജയിച്ചാൽ യുഎസ് പ്രസിഡന്റാകുന്ന ആദ്യവനിതയെന്ന ബഹുമതിയും ലഭിക്കും.
നവംബറിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന പ്രസിഡന്റ് ജോ ബൈഡൻ പാർട്ടി നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് പിൻവാങ്ങി കമലയെ പിന്തുണയ്ക്കുകയായിരുന്നു.
ഈ മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവൻഷനിലാണ് സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ ഒഹായോ സംസ്ഥാനത്തെ നിയമപ്രകാരം തെരഞ്ഞെടുപ്പിനു തൊണ്ണൂറു ദിവസം മുന്‍പേ സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടതിനാലാണ് ഓൺലൈൻ തെരഞ്ഞെടുപ്പു നടത്തിയത്.
കമല തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.
തമിഴ്നാട്ടില്‍നിന്നു കുടിയേറിയ ശ്യാമളയുടെയും ജമൈക്കയില്‍നിന്നു കുടിയേറിയ ഹാരിസിന്റെയും മകളായി കലിഫോർണിയയിലെ ഓക്ലൻഡിൽ ജനിച്ച കമല യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ്.
സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് അറ്റോർണി, കലിഫോർണിയ അറ്റോർണി ജനറൽ പദവികൾ വഹിച്ചശേഷം സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കമലയുടെ നയങ്ങള്‍ ഇടത് അനുഭാവമുള്ളതും യാഥാസ്ഥിതികവി രുദ്ധവുമാണ്. ജൂതവംശജനായ ഡഗ്ലസ് എംഹോഫ് ആണ് കമലയുടെ ഭര്‍ത്താവ്.