റഷ്യയും യുഎസും തടവുകാരെ കൈമാറി
Saturday, August 3, 2024 12:41 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയും യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും പരസ്പരം മോചിപ്പിച്ച തടവുകാർ അവരവരുടെ സ്വദേശങ്ങളിൽ കാലുകുത്തി.
വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച്, മുൻ യുഎസ് മറീൻ പോൾ വീലൻ, മാധ്യമപ്രവർത്തക അൽസു കുർമാഷേവ എന്നീ അമേരിക്കൻ പൗരന്മാർ മെരിലാൻഡിലെ സൈനികതാവളത്തിൽ വിമാനമിറങ്ങിയപ്പോൾ സ്വീകരിക്കാനായി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും കുടുംബാംഗങ്ങളും എത്തിയിരുന്നു.
റഷ്യയിൽനിന്ന് 15 പേരെയും ബലാറൂസിൽനിന്ന് ഒരാളെയും മോചിപ്പിച്ചതിനു പകരമായി യുഎസ്, ജർമനി, പോളണ്ട്, സ്ലോവേനിയ, നോർവേ രാജ്യങ്ങൾ എട്ട് റഷ്യക്കാരെ വിട്ടയച്ചു. ശീതയുദ്ധത്തിനുശേഷം റഷ്യയും പാശ്ചാത്യരാജ്യങ്ങളും ഏറ്റവും കൂടുതൽ തടവുകാരെ കൈമാറ്റം ചെയ്ത സംഭവമാണിത്.
മോസ്കോയിലെ വിനുകോവോ വിമാനത്താവളത്തിൽ എത്തിയ റഷ്യക്കാരെ പ്രസിഡന്റ് പുടിൻ ആലിംഗനം ചെയ്തു സ്വീകരിച്ചു. റഷ്യൻ സർക്കാരിനുവേണ്ടി ബെർലിനിൽ കൊലപാതകം നടത്തിയതിനു ജർമൻ ജയിലിലായിരുന്ന വാഡിം ക്രാസ്നിക്കോവും ഇതിൽ ഉൾപ്പെടുന്നു. ബലാറൂസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജർമൻ പൗരൻ റിക്കോ ക്രീഗറും മോചിതനായി.
തടവുകാരുടെ കൈമാറ്റത്തിനായി രണ്ടുവർഷം രഹസ്യചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. മുന്‍പത്തെ ചർച്ചകളിൽ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ മോചനവും ഉൾപ്പെട്ടിരുന്നു. നവൽനി സൈബീരിയയിലെ ജയിലിൽ അപ്രതീക്ഷിതമായി മരിച്ചതോടെ ചർച്ചകൾ വൈകി.