ലബനനിലും ഇസ്രേലി ആക്രമണം; ഹിസ്ബുള്ള കമാൻഡറെ വധിച്ചു
Wednesday, July 31, 2024 11:45 PM IST
ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുള്ള ഭീകരരുടെ മുതിർന്ന കമാർഡർ ഫവാദ് ഷുക്കൂറിനെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തത്തിൽ ഫവാദ് താമസിച്ച കെട്ടിടം വ്യോമാക്രമണത്തിൽ തകർക്കുകയായിരുന്നു. രണ്ടു കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ഗോലാൻ കുന്നുകളിൽ 12 കുട്ടികൾ കൊല്ലപ്പെട്ട റോക്കറ്റാക്രമണത്തിനു പിന്നിൽ ഫവാദ് ആയിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു.
ഹിസ്ബുള്ള തലവൻ ഷെയ്ഖ് ഹസൻ നസറുള്ളയുടെ മുതിർന്ന ഉപദേശകനാണു ഫവാദ്. 1983ൽ ബെയ്റൂട്ടിലെ ബാരക്കിൽ 241 യുഎസ് ഭടന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഫവാദിനെക്കുറിച്ച് വിവരം നല്കുന്നവർക്ക് യുഎസ് സർക്കാർ 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇസ്രേലി വ്യോമാക്രമണം നേരിട്ട കെട്ടിടത്തിൽ ഫവാദ് ഉണ്ടായിരുന്നതായി ഹിസ്ബുള്ള അറിയിച്ചു. എന്നാൽ, ഇയാൾ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ ഏതാനും പേർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള അറിയിച്ചു. ഇസ്രേലി ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പ്രതികരിച്ചു.
ഗോലാനിലെ ഫുട്ബോൾ ഗ്രൗണ്ടിൽ 12 കുട്ടികൾ കൊല്ലപ്പെട്ട ആക്രമണത്തിലൂടെ ഹിസ്ബുള്ള എല്ലാ പരിധിയും ലംഘിച്ചതായി ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പറഞ്ഞു.